play-sharp-fill
അയ്യപ്പഭക്തന്റെ മരണത്തിലെ ദുരൂഹത: വെള്ളിയാഴ്ച ബിജെപി ഹർത്താൽ: ഭക്തനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നതായി ആരോപണം; പ്രതിഷേധവുമായി സംഘപരിവാറും

അയ്യപ്പഭക്തന്റെ മരണത്തിലെ ദുരൂഹത: വെള്ളിയാഴ്ച ബിജെപി ഹർത്താൽ: ഭക്തനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നതായി ആരോപണം; പ്രതിഷേധവുമായി സംഘപരിവാറും

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തനെ പമ്പയിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിയായ ശിവദാസന്റെ (60) മൃതദേഹമാണ് പമ്പയിൽ കണ്ടെത്തിയത്. നിലയ്ക്കൽ പമ്പ റൂട്ടിൽ കമ്പത്തുംമേട്ടിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ലാത്തിചാർജിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച ശിവദാസൻ പമ്പയിൽ വീണ് മരിക്കുകയായിരുന്നു എന്ന ആരോപണവുമായി സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. ശിവദാസന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടകളും ബിജെപിയും വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ ഹർത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്.
തുലാമാസ പൂജകൾ നടക്കുന്ന ശബരിമലയിൽ ദർശനം നടത്തുന്നതിനായി കഴിഞ്ഞ ഒന്നിനാണ് ശിവദാസൻ സന്നിധാനത്ത് എത്തിയത്. വീട്ടിൽ നിന്നും ഇതേ കാര്യം പറഞ്ഞു തന്നെയാണ് സന്നിധാനത്തേയ്ക്ക് ഇദ്ദേഹം പോന്നത്. ദർശനത്തിനു ശേഷം പുറത്തിറങ്ങിയ ശിവദാസൻ, പമ്പയിലെത്തിയ ശേഷം ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു. വീട്ടുകാരെ വിളിച്ച ശേഷം തിരികെ വരികയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ശിവദാസനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ശിവദാസനെ കണ്ടെത്താനാവാതെ വന്നതോടെ ബന്ധുക്കൾ പരാതിയുമായി ആദ്യം പത്തനംതിട്ട ജില്ലയിലെ പന്തളം പൊലീസ് സ്റ്റേഷനിലെത്തി. തങ്ങളുടെ പരിധിയിൽ സംഭവം നടക്കാതിരുന്നതിനാൽ പമ്പ, നിലയ്ക്കൽ പൊലീസ് സ്റ്റേഷനുകളിൽ പിന്നീട് പരാതി നൽകി. അടൂർ ഡിവൈഎസ്പി ഓഫിസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
എന്നാൽ, ശിവദാസനെ കാണാതായതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സംഘപരിവാർ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ശിവദാസനെ സംഭവ സ്ഥലത്തു നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നതായാണ് ആരോപണം. തുടർന്നാണ് ഇദ്ദേഹത്തെ കാണാതായത്. ഈ സാഹചര്യത്തിൽ ശിവദാസനെ കൊലപ്പെടുത്തിയതിനു പൊലീസിനെതിരെ കേസെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ സംഘപരിവാർ ആവശ്യം.
. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. ശിവദാസന്റെ മരണം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമരം
നടത്തുന്ന ബിജെപിയ്ക്ക് ഇന്ധനമായി മാറിയിട്ടുണ്ട്. ശിവദാസന്റെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബിജെപി വെള്ളിയാഴ്ച പത്തനംതിട്ടയിൽ ഹർത്താലും പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.