സ്വന്തം ലേഖിക
പുതുപ്പള്ളി: ഇന്നോവ കാര്‍ നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അഞ്ചു പവന്റെ മാല കവര്‍ന്ന സംഭവത്തില്‍ പ്രധാനപ്രതി തിരുവല്ല ചുമത്ര മണക്കാല ലിബു രാജേന്ദ്രനെ(30) കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ക്കൊപ്പം മാല പൊട്ടിച്ചെടുത്ത സംഭവത്തിലുള്‍പ്പെട്ട അഞ്ചു പേര്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളുകള്‍ക്കു മുന്‍പ് പുതുപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിലായിരുന്നു സംഭവം. ചങ്ങനാശേരി സ്വദേശികളും പ്രവാസികളുമായ അച്ഛനും മകനുമാണു കവര്‍ച്ചയ്ക്കിരയായത്.
തനിക്ക് ഇന്നോവാ കാര്‍ ആവശ്യമുണ്ടെന്നു പരാതിക്കാരന് പരിചയക്കാരായ പ്രതികളെ അറിയിച്ചു. കാര്‍ കാണുന്നതിനായി പ്രതികള്‍ പരാതിക്കാരനെ പുതുപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് വിളിച്ചുവരുത്തിയശേഷം അച്ഛന്റെയും മകന്റെയും കണ്ണില്‍ മുളക് സ്പ്രേ ചെയ്തു മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ആന്ധ്രയിലേക്കു കടന്ന പ്രതികള്‍ വിശാഖപട്ടണത്തു കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ 76 കിലോ കഞ്ചാവുമായി മറ്റു നാലു പ്രതികള്‍ക്കൊപ്പം ആന്ധ്ര പോലീസിന്റെ പിടിയിലായി.
സംഭവമറിഞ്ഞതോടെ കോട്ടയം ഈസ്റ്റ് പോലീസ് സംഘം ആന്ധ്രയിലെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കോട്ടയത്തെത്തിക്കുകയായിരുന്നു.