play-sharp-fill
നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു: 35,000 രൂപ തട്ടിയെടുത്തു; ഭാര്യ സഹോദരനും മര്‍ദ്ദനമേറ്റു

നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു: 35,000 രൂപ തട്ടിയെടുത്തു; ഭാര്യ സഹോദരനും മര്‍ദ്ദനമേറ്റു

സ്വന്തം ലേഖിക

തൃശ്ശൂര്‍: സ്വന്തമായി ലോഡ് ഇറക്കുന്നതിനിടെ നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചതായി പരാതി.

തൃശ്ശൂര്‍ മണലിത്തറ സ്വദേശി പ്രകാശനാണ് മര്‍ദ്ദനമേറ്റത്. നിര്‍മ്മാണത്തിലിരിക്കുന്ന പ്രകാശന്റെ പുതിയ വീടിനായി ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയായിരുന്നു സംഭവം. ലോറിയില്‍ നിന്ന് ഗ്രാനൈറ്റ് ഇറക്കുവാനായി പ്രകാശന്‍ ചുമട്ടു തൊഴിലാളികളെ വിളിച്ചെങ്കിലും വരാന്‍ സമ്മതമല്ലെന്നും സ്വന്തമായി ലോഡ് ഇറക്കണമെന്നുമായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പ്രകാശനും ലോറി ഡ്രൈവറും പ്രകാശന്റെ ഭാര്യാ സഹോദരനും കൂടി ലോഡ് ഇറക്കുന്നതിനിടെ സംഘടിച്ചെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ നോക്ക് കൂലി ആവശ്യപ്പെടുകയായിരുന്നു.

പ്രകാശന്റെ ഭാര്യ പ്രസീതയുടെ കൈയിലുണ്ടായിരുന്ന 35,000 രൂപ സിഐടിയു പ്രവര്‍ത്തകര്‍ തട്ടിയെടുത്തതായും പ്രകാശന്‍ പറഞ്ഞു.
നോക്ക് കൂലി കൊടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകാശനെ മര്‍ദ്ദിച്ചു. ലോറി ഡ്രൈവര്‍ക്കും പ്രകാശന്റെ ഭാര്യയുടെ സഹോദരനും മര്‍ദ്ദനമേറ്റു.

ആക്രമണത്തില്‍ പ്രകാശന്റെ ഇടത് കൈ ഒടിഞ്ഞു. നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് പ്രകാശന്‍. അക്രമം തടയാന്‍ ശ്രമിച്ച പ്രകാശന്റെ ഭാര്യയെയും പ്രവര്‍ത്തകര്‍ വെറുതെവിട്ടില്ല.

എന്നാല്‍ നോക്കു കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശന്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നും സിഐടിയു പറഞ്ഞു. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് കേസ് എടുത്തു.