
എൻഡോസൾഫാൻ നിർവീര്യമാക്കൽ; നടപടി താൽക്കാലികമായി നിർത്തിവെച്ചു; തീരുമാനം വ്യാപക പ്രതിഷേധത്തെ തുടർന്ന്
സ്വന്തം ലേഖകൻ
കാസർഗോഡ്: ജില്ലയിൽ അവശേഷിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടി താൽക്കാലികമായി നിർത്തിവെച്ചു. എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള നടപടിയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതിന്റെ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
നിർവീര്യമാക്കൽ സംബന്ധിച്ച് കൂടുതൽ പഠനം നടത്താനായി വിദഗ്‌ധ സമിതിയെ നിയോഗിച്ചതായി കളക്‌ടർ അറിയിച്ചു. നിർവീര്യമാക്കാനുള്ള പ്രാരംഭ നടപടികൾ ജില്ലാ ഭരണകൂടം നേരത്തെ ആരംഭിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള-കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ ജില്ലയിലെ വിവിധ ഇടങ്ങളിലായി സൂക്ഷിച്ച 1,438 ലിറ്റർ എൻഡോസൾഫാനാണ് നിർവീര്യമാക്കുന്നത്. പെരിയയിലെ പ്ളാന്റേഷൻ കോർപറേഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാനാണ് ആദ്യം നിർവീര്യമാക്കാൻ തീരുമാനിച്ചിരുന്നത്.
പെരിയയിൽ 914 ലിറ്ററും രാജപുരത്ത് 450 ലിറ്ററും ചീമേനിയിൽ 73 ലിറ്ററുമാണ് അവശേഷിക്കുന്നത്. ഇത് പ്രത്യേക ടാങ്കിലാക്കി നിർവീര്യമാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പ്ളാന്റേഷൻ കോർപറേഷന്റെ സ്‌ഥലത്ത് പ്രത്യേക ടാങ്ക് നിർമാണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രതിഷേധവുമായി വിവിധ ജനകീയ സമിതികൾ രംഗത്തെത്തിയത്.
ബാക്കിയുള്ള എൻഡോസൾഫാൻ നിർമാണ കമ്പനിക്ക് തന്നെ തിരിച്ച് കൊടുക്കണമെന്നും ജില്ലയിൽ നിർവീര്യമാക്കരുതെന്നും ആവശ്യപ്പെട്ടാണ് ജനകീയ സമിതികൾ രംഗത്തെത്തിയത്. പ്രതിഷേധം ശക്‌തമായതോടെയാണ് വിഷയത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ട് അടിയന്തിര യോഗം ചേർന്നത്.
കീടനാശിനി നിർവീര്യമാക്കുന്നത് താൽക്കാലികമായി നിർത്തിവെയ്‌ക്കാൻ തീരുമാനമായതായി കളക്‌ടർ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്‌ഥരെ കൂടി ഉൾപ്പടുത്തി വിദഗ്‌ധ സമിതി ഉടൻ റിപ്പോർട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും നിർവീര്യമാക്കലുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുക.