നിങ്ങളുടെ വാഹനം സ്വന്തം പേരിൽതന്നെയാണെന്ന് ഉറപ്പുണ്ടോ? വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ഉടമ അറിയണമെന്ന് നിർബന്ധമില്ല; സ്വാധീനമുണ്ടെങ്കിൽ കോട്ടയം ആർടി ഓഫീസിൽ ഉടമസ്ഥാവകാശം ആർക്കും മാറ്റിയെടുക്കാം
സ്വന്തം ലേഖകൻ
കോട്ടയം:ഏജന്റും ഒപ്പിന്റെ പകർപ്പും ഉണ്ടെങ്കിൽ ആരുടേയും വാഹനം സ്വന്തം പേരിലാക്കാം. കൃത്യമായ പരിശോധനകളില്ലാതെയാണ് വാഹനം ആർടി ഓഫീസിൽനിന്ന് പേരുമാറ്റി നൽകുന്നതെന്നാണ് തെള്ളകം ഇരുമ്പനം സ്‌കൈലൈൻ ഒയാസിസ് വില്ല നമ്പർ 18ൽ പ്രവാസിയായ റെജിയുടെ ഭാര്യ നിഷാ റെജിയുടെ അനുഭവത്തിൽ നിന്ന് വ്യക്തമാകുന്നത്. നിഷയുടെ വ്യാജ ഒപ്പിട്ട് ആർസി ബുക്ക് തിരുത്തിയ കേസിൽ പ്രതി അറസ്റ്റിലായിട്ടും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകാൻ കേസ് തീരണമെന്ന മുടന്തൻ ന്യായമാണ് ആർടിഒ പറയുന്നത്.
ഒരു വർഷം മുൻപ് നിഷയും കുടുംബവും ഇവിടെ താമസിക്കാൻ എത്തിയപ്പോഴാണ് വാഹനം ഓടിക്കാനായി ഏറ്റുമാനൂർ ഉഷാ മന്ദിരത്തിൽ പ്രവീൺ എസ് നായരെ സ്വകാര്യ ഏജൻസി ഏർപ്പാട് ചെയ്ത് നൽകിയത്. ഇടയ്ക്ക് ഇയാൾ ജോലി ഉപേക്ഷിച്ചു പോയി. പിന്നീട് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ ആർസി ബുക്ക് ഇല്ലെന്ന് മനസിലായത്. തുടർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് പ്രവീണിനെ വിളിച്ചു വരുത്തിയെങ്കിലും ഒരാഴ്ചക്കകം ആർസി ബുക്ക് എത്തിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് വിട്ടയച്ചു. എന്നാൽ, പിന്നീട് ആർടി ഓഫീസിലെ വെബ് സൈറ്റിൽ പരിശോധിച്ചപ്പോൾ വാഹനം പ്രവീണിന്റെ പേരിലേയ്ക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെ പ്രവീണിനെ അറസ്റ്റ് ചെയ്തു. നിഷ ആർടി ഓഫീസ് അധികൃതരെ സമീപിച്ച് പ്രവീണിന്റെ പേരിലേയ്ക്ക് ആർസി ബുക്ക് മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും കേസ് നടക്കുന്നതിനാൽ സാധിക്കില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. എന്നാൽ, പേര് മാറ്റിയ ആർസി ബുക്ക് പ്രവീണിന് അയച്ചു നൽകിയിട്ടില്ല. ആർസി ബുക്കില്ലാത്തതിനാൽ വാഹനം വീടിനു പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായി നിഷ. ഉടമയറിയാതെ വാഹനങ്ങൾ തട്ടിയെടുത്ത് സ്വന്തം പേരിലാക്കുന്നത് സംസ്ഥാനത്ത് വ്യാപകമാണ്. ആർടിഒ അധികൃതർ രേഖകൾ കൃത്യമായി പരിശോധിക്കാത്തതും സ്വാധീനം ഉപയോഗിച്ചും വ്യാജ രേഖകൾ നൽകിയും ഉടമസ്ഥാവകാശം ആർക്കും മാറ്റിയെടുക്കാവുന്ന അവസ്ഥയാണ്.