കെ എസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്; മണർകാട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: കെ.കെ റോഡിൽ കെ എസ്ആർടിസിബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്. മണർകാട് സ്വദേശി ഡിറ്റോയ്ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം കെകെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കെകെ റോഡിൽ മണർകാട് എരുമപ്പെട്ടി ഭാഗത്തായിരുന്നു അപകടം. പാമ്പാടിയിൽനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെ എസ്ആർടിസി ബസ് എതിർദിശയിൽനിന്ന് വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പത്ത് മീറ്ററോളം ദൂരം കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയെ വലിച്ചുകൊണ്ടുപോന്നു. ബസ് നിയന്ത്രണം വിട്ടെങ്കിലും പെട്ടെന്ന് ചെന്ന് നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുപതോളം യാത്രക്കാർ ബസിനുള്ളിലുണ്ടായിരുന്നു. ഓടികൂടിയ നാട്ടുകാരും ഓട്ടോഡ്രൈവർമാരും ബസ് യാത്രക്കാരും ചേർന്നാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ കുരുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.
ഇയാൾക്ക് തലയ്ക്കും വാരിയെല്ലുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എരുമപ്പെട്ടിയിലെ വളവിൽ വെച്ച് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഓട്ടോറിക്ഷ കെഎസ്ആർടിസി ബസിലിടിച്ചത്. ഓട്ടോയിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്തു.