നേതാക്കളുടെ ബിജെപിയിലേക്കുള്ള കൊഴിഞ്ഞ് പോക്ക് ; കോൺഗ്രസ്സ് പരിഭ്രാന്തിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസ് വനിതാ കമ്മീഷൻ അംഗമായ പ്രമീളാ ദേവി, കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമൻനായർ, തുടങ്ങിയവർ ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് കടുത്ത പരിഭ്രാന്തിയിൽ. ഇനിയും കൂടുതൽപേർ കൊഴിഞ്ഞുപോകുമെന്ന സൂചന ശക്തമായതോടെ സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദീകരണം തേടി. ബിജെപിയിൽ ചേരുമെന്ന് രാമൻനായർ പരസ്യപ്രസ്താവന നടത്തിയിട്ടും അത് തടയാൻ ഇടപെടാത്തതിൽ ഹൈക്കമാൻഡ് കടുത്ത രോഷത്തിലാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് വിളിച്ച് അസംതൃപ്തി അറിയിച്ചുവെന്നാണ് സൂചന.
ബിജെപിയെയും ആർഎസ്എസിനെയും കടത്തിവെട്ടുംവിധം ഒരുവിഭാഗം നേതാക്കൾ സ്വീകരിക്കുന്ന തീവ്ര വർഗീയ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഹൈക്കമാൻഡ് വിമർശനം. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുടെ മറവിൽ രമേശ് ചെന്നിത്തലയാണ് കോൺഗ്രസിന്റെ പ്രത്യക്ഷസമരം പ്രഖ്യാപിച്ചത്. ഇതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് അതൃപ്തി ഉണ്ടായിരുന്നു. ചെന്നിത്തലയുടെ നിലപാടിനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ ഉൾപ്പെടെ വിമർശനമുയർന്നപ്പോഴാണ് പാർട്ടി കൊടി ഉപയോഗിക്കാതെ സമരത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയിലേക്ക് ചേക്കേറാൻ കോൺഗ്രസിൽ പലരും ക്യൂ നിൽക്കുന്നുണ്ടെന്നാണ് പി എസ് ശ്രീധരൻപിള്ള ഉൾപ്പെടെ പറയുന്നത്. തീവ്രനിലപാട് എടുക്കുന്ന കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരനുവേണ്ടി ബിജെപി നേരത്തെ വല വീശിയിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ പലരുമായും ബിജെപി ചർച്ച നടത്തിയിട്ടുണ്ട്. ഒരുഭാഗത്ത് തീവ്രവർഗീയ നിലപാടുകാർ ബിജെപിയോട് ആഭിമുഖ്യം കാട്ടുന്നതോടൊപ്പം മതേതരവാദികളുമായ പ്രവർത്തകരും പാർട്ടിയെ കൈയൊഴിയുകയാണ്. മറ്റ് പല സംസ്ഥാനങ്ങളിലെന്ന പോലെതന്നെ കേരളത്തിലും ഇത് കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്ന നിലയിലേക്കെത്തിയിരിക്കുകയാണ്.