
പണിക്കൻകുടി കൊലപാതകം: പ്രതി ബിനോയ് പിടിയിൽ; ഇരുപതു ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത് പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ നിന്ന്
സ്വന്തം ലേഖകൻ
അടിമാലി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് അറസ്റ്റിൽ. ഇരുപതു ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇവിടെ തോട്ടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ബിനോയ്.
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതി ബിനോയ്ക്കായി അന്വേഷണം നടന്നിരുന്നത്. മൂന്നാഴ്ചമുന്പ് കാണാതായ ബിന്ധുവിൻറെ മൃതദേഹം അയൽവാസിയായ ബിനോയിയുടെ അടുക്കളയിലെ അടുപ്പുപാതകത്തിനടിയിൽ നിന്നുമാണ് കണ്ടെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാഴ്ച മുമ്പ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവിൽപോവുകയും ചെയ്തു. ഇതിനിടെ, സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടർന്നാണ് ബന്ധുക്കൾ ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ പരിശോധന നടത്തിയത്.
മൃതദേഹത്തിൻറെ മുഖം പ്ലാസ്റ്റിക് കവറുകൊണ്ടു മൂടി, ഉവസ്ത്രങ്ങൾ നീക്കംചെയ്ത നിലയിലുമായിരുന്നു. മൃതദേഹം നാലടിയോളം താഴ്ചയുള്ള കുഴിയിൽ ചമ്രംപടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു. പോലീസ് നായ മണം പിടിക്കാതിരിക്കാൻ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയശേഷം ചാണകം ഉപയോഗിച്ചു തറ മെഴുകി.
തുടർന്ന് മുകളിൽ അടുപ്പ് പണിതു. ഇതിന് മുകളിൽ ജാതിപത്രി ഉണക്കാൻ ഇട്ടിരുന്നു. ചെറിയ അടുക്കള ആയതിനാൽ ഭിത്തി പൊളിച്ചു മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടു വാരിയെല്ലുകളും തകർന്നിട്ടുണ്ട്.
സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അലംഭാവം കാണിച്ചെന്ന് നേരത്തെ തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മകൻ അടുക്കളയെക്കുറിച്ച് സംശയം പറഞ്ഞിട്ടും പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ബിനോയ് നാടുവിട്ടത്. പിന്നീട് ആറാംക്ലാസുകാരന്റെ സംശയത്തെ തുടർന്ന് ബന്ധുക്കൾ തന്നെ ബിനോയിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയപ്പോഴാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്.