പരസ്യപ്രസ്ഥാവന പാരയായി; ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിൽ രാഹുൽ ഗാന്ധിക്ക് വിയോജിപ്പെന്ന് സൂചന; മാറ്റി നിർത്തരുതെന്ന് മുതിർന്ന നേതാക്കൾ; എഐസിസി പുനസംഘടന ചെന്നിത്തലക്ക് നിർണായകം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന.
പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായ ചെന്നിത്തലയ്‌ക്ക് അർഹമായ ദേശീയ ചുമതല നൽകുമെന്ന സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരസ്യപ്രസ്ഥാവന നടത്തിയ ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിലുളള വിയോജിപ്പ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.സി വേണുഗോപാൽ നിർദ്ദേശിച്ചയാളെ മാറ്റി ആലപ്പുഴയിൽ ചെന്നിത്തലയ്‌ക്ക് ഇഷ്‌ടമുളളയാളെ നിയമിച്ചിട്ടും ചെന്നിത്തല പ്രതിഷേധം നടത്തിയത് രാഹുൽ ഗാന്ധിയ്‌ക്ക് നീരസമുണ്ടാക്കിയെന്നും ഒരു പ്രതിഷേധത്തിനുമില്ലെന്ന് തന്നോട് പറഞ്ഞശേഷവും ചെന്നിത്തല എതിർപ്പ് പരസ്യമാക്കിയത് രാഹുലിന് വിഷമമുണ്ടാക്കിയെന്നുമാണ് രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ സംഘടനാ വിഷയങ്ങൾ കൈകാര്യം ചെയ്‌ത് മുൻപരിചയമുളള ചെന്നിത്തലയെ ദേശീയ നേതൃത്വത്തിൽ നിന്ന് മാറ്റിനിർത്തരുതെന്നും പാർട്ടി അദ്ദേഹത്തിന്റെ അനുഭവ പരിചയം ഉപയോഗിക്കണമെന്നുമാണ് മുതിർന്ന നേതാക്കളായ കമൽനാഥ്, ഹരീഷ് റാവത്ത് എന്നിവർ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടത്.
പുതിയ സംഭവ വികാസങ്ങളോടെ അടുത്തമാസം നടക്കുന്ന എഐസിസി പുനസംഘടന ചെന്നിത്തലയ്‌ക്കും ഉമ്മൻചാണ്ടിയ്‌ക്കും നിർണായകമാകുകയാണ്.