
സ്വന്തം ലേഖകൻ
പെരുവനന്താനം: ഇടുക്കി പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.
പോസ്റ്റുമോര്‍ട്ടത്തിലാണ് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്ത് അജോയെ അറസ്റ്റ് ചെയ്തു.
വയറ്റിൽ ആഴത്തിലുള്ള മുറിവുമായി പെരുവന്താനം മരുതുംമൂട് സ്വദേശി ലിൻസണെ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വീണപ്പോൾ ഉളി വയറിൽ തറച്ചുകയറിയതെന്നാണ് ഇയാൾ മരിക്കുന്നതിന് മുൻപ് ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിൽ കുത്തിയതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. ദേഹത്ത് അടിപിടിയുണ്ടായതിന്റെ പാടുകളുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയായ അജോ മരപ്പണിക്കാരനാണ്. വെള്ളിയാഴ്ച കാലത്ത് ഇയാളുടെ വര്‍ക്ക്ഷോപ്പിൽ വച്ച് ലിൻസണുമായി വാക്ക് തര്‍ക്കമുണ്ടായി. വൈകീട്ട് വീണ്ടുമെത്തിയ ലിൻസൺ വഴക്കുണ്ടാക്കി. അത് അടിപിടിയിലെത്തുകയും അജോ ഉളിയെടുത്ത് കുത്തുകയുമായിരുന്നു.
സാരമായി പരിക്കേറ്റെന്ന് മനസ്സിലായ അജോ തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ അടിപിടിക്കിടെയാണ് കുത്തേറ്റതെന്ന കാര്യം രണ്ടാളും ഡോക്ടറിൽ നിന്ന് മറച്ചുവച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ അജോ കുറ്റം സമ്മതിച്ചു. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.