ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ 10-ാം ക്ലാസുകാരനേയും പിതൃസഹോദരഭാര്യയേയും പോലീസ് വാടകവീട്ടിൽനിന്നും പൊക്കി
സ്വന്തം ലേഖകൻ
ചേർത്തല : ചേർത്തലയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ 10-ാം ക്ലാസ് വിദ്യാർത്ഥിയും പിതൃസഹോദരഭാര്യയും ഫോർട്ട് കൊച്ചിയിൽ പോലീസ് പിടിയിൽ. ഫോർട്ട് കൊച്ചിയിലെ ഒരു വാടക വീട്ടിൽ ഒന്നിച്ച് കഴിയുകയായിരുന്നു ഇവർ. കടവന്ത്ര സ്വദേശിനി ശോഭിതയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കടപ്പുറത്ത് ഉല്ലസിക്കാൻ എത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർത്ഥിയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയ്ക്ക് മുൻപിൽ ഹാജരാക്കും. മകനെ കാണാതായെന്ന് പോലീസിൽ പരാതി നൽകുമ്പോഴും കുട്ടി പോയത് വല്ല്യമ്മയ്ക്ക് ഒപ്പമാണെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഒന്നിച്ചാണെന്ന വിവരം അറിയുന്നത്. ആലപ്പുഴയിൽനിന്നും മുങ്ങിയ ഇവർ തിരുവനന്തപുരം, കന്യാകുമാരി, കോട്ടയം, കണ്ണൂർ, പറശ്ശിനിക്കടവ് എന്നിവടങ്ങളിൽ ഉല്ലാസയാത്ര നടത്തി. പിന്നീട് എറണാകുളത്ത് എത്തിയപ്പോഴാണ് ഫോർട്ട് പോലീസ് പിടികൂടിയത്.