നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം; സുപ്രീം കോടതിയെ സമീപിച്ച് വിചാരണ കോടതി ജഡ്ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീംകോടതിയിൽ കത്ത് നൽകി. സ്‌പെഷ്യൽ ജഡ്ജി ഹണി എം. വർഗീസാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2021 ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് മൂലം നടപടികൾ തടസ്സപ്പെട്ടെന്ന് വിചാരണ കോടതി അറിയിച്ചു.
അപ്രതീക്ഷിതമായി അടച്ചുപൂട്ടൽ, അഭിഭാഷകർ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപെടുത്തി. ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
124 വസ്തുക്കളും പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു.
സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടൻ ഷെഡ്യൂൾ ചെയ്യുമെന്നും കോടതി അറിയിച്ചു.
2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വരുമ്പോൾ നടി ആക്രമിക്കപ്പെട്ടത്.
നടിയുടെ പരാതിയിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
കേസിൻറെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.