
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശബരിമല ഡ്യൂട്ടിയ്ക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് ദുരിതകാലം. വിശ്രമമില്ലാതെ രാത്രിയും പകലും സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
ശബരിമല തീർത്ഥാടകരുടെ ജീവന് പോലും വില കൽപ്പിക്കാതെ ഡ്യൂട്ടി നിശ്ചയിച്ചതാണ് ഇപ്പോൾ ജീവനക്കാർക്കും യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായിരിക്കുന്നത്. വിശ്രമം പോലുമില്ലാതെ ജീവനക്കാർക്ക് ഡ്യൂട്ടി നിശ്ചയിച്ചതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസ പൂജകൾക്കായി കർക്കിടകം ഒന്നിന് അഞ്ചു ദിവസത്തേയ്ക്കാണ് ശബരിമല നട തുറന്നത്. ഇതേ തുടർന്നു, ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി ആറോളം ബസും പത്തോളം ജീവനക്കാരെയുമാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അഞ്ചു ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഇവരാകട്ടെ ആകെ അവശരായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ജില്ലയിലെ വൈക്കം, പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം, കോട്ടയം ഡിപ്പോകളിൽ നിന്നുള്ള ജീവനക്കാരെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. ആറു വാഹനങ്ങളിലായി പന്ത്രണ്ടോളം ജീവനക്കാരെയാണ് ഇവിടേയ്ക്കു നിയോഗിച്ചിരുന്നത്. ഇവർ ചെങ്ങന്നൂർ ഡിപ്പോയിൽ എത്തിയ ശേഷം ഇവിടെ നിന്നും പമ്പയിലേയ്ക്കും തിരികെയും യാത്രക്കാരെ എത്തിക്കണമെന്നാണ് നിർദേശം.
ചെങ്ങന്നൂർ ഡിപ്പോയിലെ കൺട്രോളിംങ് ഇൻസ്പെക്ടരാണ് ഡ്യൂട്ടിയ്ക്കായി ഇവരെ നിയോഗിക്കുന്നത്. ഇദ്ദേഹത്തിന്റെ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരമാണ് ഇപ്പോൾ ജീവനക്കാർക്ക് ദുരിതമായി തീർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് ബസിൽ യാത്രക്കാർ നിറഞ്ഞത്. ഇതിനു ശേഷം സർവീസ് നടത്തിയ ശേഷം വീണ്ടും പുലർച്ചെ തന്നെ സർവീസ് നടത്തേണ്ടി വന്നു. പമ്പയിൽ എത്തിയാൽ ഇതിലും ദുരിതം നിറഞ്ഞ രീതിയിലാണ് കാര്യങ്ങൾ.
കൊവിഡ് ലോക്ക് ഡൗൺ സാഹചര്യമായതിനാൽ പമ്പയിൽ മതിയായ സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. സീസൺ കാലമല്ലാത്തതിനാൽ പലപ്പോഴും ബസിൽ യാത്രക്കാരെത്താൻ പത്തും പന്ത്രണ്ടും മണിക്കൂറുകൾ വരെ ജീവനക്കാർ കാത്തിരിക്കേണ്ടിയും വരാറുണ്ട്. ഈ സാഹചര്യത്തിൽ പോലും ഇവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം പമ്പയിൽ ഒരുക്കിയിട്ടില്ല.
ഇത് കൂടാതെയാണ് ബസുകൾ അണുവിമുക്തമാക്കണമെന്ന നിർദേശം കാറ്റിൽ പറത്തിയിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ബസുകൾ അണുവിമുക്തമാക്കണമെന്നാണ് സർവീസ് ആരംഭിക്കുന്നതിനായി നൽകിയ നിർദേശം. എന്നാൽ, ഇതും കാറ്റിൽ പറത്തിയിരിക്കുകയാണ്.
ഇത്തരം പരിമിതമായ സാഹചര്യത്തിൽ ജോലി ചെയ്യുന്നത് ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ വാഹനങ്ങളിൽ ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായും ജീവനക്കാർ പറയുന്നു.
ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ മതിയായ വിശ്രമത്തോടെ സർവീസുകൾ ക്രമീകരിക്കണമെന്ന ആവശ്യമാണ് ജീവനക്കാരും ഇവരുടെ സംഘടനകളും ഉയർത്തുന്നത്.



