എക്സൈസ് വകുപ്പിൽ തീവെട്ടിക്കൊള്ള; രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ സർക്കാരിനെതിരേ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്. സിപിഎമ്മിന് ഫണ്ട് ശേഖരിക്കാൻ എക്സൈസ് വകുപ്പ് തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ എലപ്പുളിയിൽ അനുവദിച്ച ബ്രൂവറിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ വാങ്ങിയത്. ഇത്തരക്കാർക്കൊക്കെ എങ്ങനെ മുഖ്യമന്ത്രിയെ കാണാൻ അനുമതി ലഭിച്ചുവെന്നത് ആർക്കും അറിയില്ല. എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോയിരുന്നതെങ്കിൽ പിന്നെന്തിനാണ് അനുമതി റദ്ദാക്കിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കിയത് യഥാർഥ കുറ്റവാളികളെ രക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. ഇല്ലെങ്കിൽ വലിയ ഗൂഢാലോചന കഥകൾ പുറത്തുവരുമായിരുന്നു. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി അനുമതി റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയതിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സ്വാർത്ഥ താത്പര്യങ്ങളുണ്ടായിരുന്നു. സിപിഎമ്മിൻറെ ധനസമാഹരണ കേന്ദ്രമാണ് എക്സൈസ് വകുപ്പെന്നും വരും ദിവസങ്ങളിൽ കൂടുതൽ അഴിമതി കഥകൾ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മൗനം സംശയാസ്പദമാണ്. താൻ കൂടി അറിഞ്ഞു അഴിമതി നടന്നില്ലെന്നാണ് കോടിയേരിയുടെ വിഷമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.