ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടി വരും; കെ.എച്ച്.ആർ.എ
സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടി വരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ.
രണ്ടാഴ്ചക്കിടയിൽ ഇരട്ടിയോളം വർധനവാണ് ചിക്കന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ചിക്കൻ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വർധിപ്പിക്കുന്നതിന് പിറകിൽ അന്യ സംസ്ഥാന ചിക്കൻ ലോബിയാണ്.
സംസ്ഥാനത്ത് വിൽക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവിൽ ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവർത്തന ചിലവ് പോലും കണ്ടെത്താനാവാതെ നട്ടംതിരിയുന്ന ഹോട്ടലുടമകൾക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ അന്യായ വിലക്കയറ്റം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാടു മുഴുവൻ കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഹോട്ടലിലെ ചിക്കൻ വിഭവങ്ങളുടെ വില വർധിപ്പിക്കാനും ഹോട്ടലുടമകൾക്ക് സാധിക്കില്ല.
വിലക്കയറ്റം ഇങ്ങനെ തുടരുകയാണെങ്കിൽ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുവാൻ ഹോട്ടലുടമകൾ നിർബന്ധിതരാകും. അന്യ സംസ്ഥാന ചിക്കൻ ലോബികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും, തദ്ദേശ ചിക്കൻ ഫാമുകളിൽ നിന്നും വിപണിയിൽ ചിക്കൻ എത്തിക്കാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി കൈകൊള്ളണമെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും, ജനറൽ സെക്രറട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.