ശബരിമല വിധി പുന:പരിശോധനാ ഹർജി നൽകണം; കെ.എം.മാണി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്കു പ്രവേശിക്കാം എന്ന സെപ്റ്റംബർ 28ലെ സുപ്രീംകോടതിവിധി ഏറെ വിവാദങ്ങൾക്കു കാരണമായിരിക്കുകയാണല്ലൊ. അഞ്ചംഗ ബഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നില്ല എന്നതുതന്നെ വിവാദസാധ്യതയുടെ സൂചനയാണ്. ബഞ്ചിലെ ഏകവനിതാ അംഗം ജസ്റ്റിസ് ഇന്ദുമൽഹോത്ര ഭൂരിപക്ഷാഭിപ്രായത്തിനെതിരായിരിക്കുന്നു. മതപരമായി അതിവൈകാരികതയുള്ള വിഷയങ്ങളിൽ കോടതികളുടെ ഇടപെടൽ പാടില്ലെന്നായിരുന്നു അവരുടെ നിലപാട്. ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനിന്ന ആചാരാനുഷ്ഠാനങ്ങൾക്കാണ് സുപ്രീംകോടതി വിധിയിലൂടെ വിലക്കു വന്നിരിക്കുന്നത്. ഇത് പൊതുവെ ഹിന്ദുമത വിശ്വാസികളുടെയും, പ്രത്യേകിച്ച് അയ്യപ്പഭക്തരുടെയും വികാരങ്ങൾ വ്രണപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വ്യാപകമായ പ്രതിഷേധം അതാണു വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ, വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിനു പകരം അടിയന്തിരമായി ഒരു പുന:പരിശോധനാ ഹർജി നല്കാനാണു സംസ്ഥാന സർക്കാർ തയ്യാറാകേണ്ടത്. അതു നിയമപരമായിത്തന്നെ തേടാവുന്ന ഒരു രക്ഷാമാർഗമാണ്. കേസു വിധിപറഞ്ഞപ്പോൾ പരിഗണിക്കേണ്ടിയിരുന്ന ഗൗരവമുള്ള വസ്തുതകൾ വിട്ടുപോയിട്ടുണ്ടെന്നു കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ, കേസു പരിഗണിച്ച അതേ ബഞ്ചുതന്നെ അവരുടെ വിധിയിൽ മാറ്റം വരുത്താൻ തയ്യാറാകും.
ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത്, ഭരണഘടന അനുശാസിക്കുന്ന ലിംഗപരമായ വിവേചനം പാടില്ല എന്ന തത്വത്തിനെതിരാണെന്ന കാഴ്ചപ്പാടിലാണു സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്. എന്നാൽ അത് ഭഭമന:സാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശം” പരിമിതപ്പെടുത്തുന്നില്ലേ എന്നു സംശയിക്കാവുന്നതാണ്. ഭകൃപാണുകൾ ധരിക്കുന്നതും കൊണ്ടു നടക്കുന്നതും സിക്കുമത വിശ്വാസത്തിൽ ഉൾപ്പെടുന്നതായി’ കണ്ട്, അങ്ങനെ ചെയ്യുന്നതിനു ഭരണഘടന തന്നെ അനുവാദം നൽകിയിട്ടുണ്ട്. അതുപോലെ, ശബരിമലയിലെ സ്ത്രീപ്രവേശന നിരോധനവും ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമായി പരിഗണിച്ച്, അതനുവദിക്കുന്ന കാര്യം സുപ്രീംകോടതിക്ക് ആലോചിക്കാമായിരുന്നു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠികബ്രഹ്മചാരിയായ ശാസ്താവിന്റേതാണെന്നും, അവിടെ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കുന്നത് വിഗ്രഹത്തിന് അശുദ്ധിയുണ്ടാക്കുമെന്നും അതു ദേവകോപത്തിന് ഇടയാക്കുമെന്നും അയ്യപ്പഭക്തർ വിശ്വസിക്കുന്നു. ഇതിൽ യുക്തിക്കോ നിയമപരമായ സാധുതയ്ക്കോ പ്രസക്തിയില്ല. ഭക്തജനങ്ങളുടെ ബോധ്യം മാത്രമേ ഇക്കാര്യത്തിൽ പരിഗണിക്കപ്പെടേണ്ടതുള്ളൂ. ഈ സാഹചര്യത്തിൽ കേരളാകോൺഗ്രസ് (എം) വിശ്വാസികളോടൊപ്പമാണ്. പുന:പരിശോധനാ ഹർജി നല്കാനുള്ള എൻ.എസ്.എസിന്റെയും സംയുക്ത ഹർജി നൽകാനുള്ള തന്ത്രികുടുംബത്തിന്റെയും നീക്കങ്ങളെ പാർട്ടി പിന്തുണയ്ക്കുന്നു.