കോട്ടയം മെഡിക്കൽ കോളജിൽ കേസ് പിടിക്കാൻ വക്കീലന്മാർ അഴിഞ്ഞാടുന്നു: അപകടത്തിൽപെട്ട് പരിക്കേറ്റ് കിടക്കുന്നവർക്ക് പിന്നാലെ കഴുകൻ കണ്ണുമായി കറുത്ത കോട്ടിട്ടവർ: ആർക്കും പ്രവേശനമില്ലാത്ത വാർഡുകളിൽ പോലും ഒരു വിഭാഗം വക്കീലന്മാരുടെ വിളയാട്ടം; സെക്യൂരിറ്റി ജീവനക്കാർക്കും,പോലീസുകാർക്കും കമ്മിഷൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം : അപകടത്തിൽ പെട്ട് പരിക്കേറ്റ് കിടക്കുന്നവരുടെ കേസും ചിലവും നടത്താമെന്ന് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴുകൻ കണ്ണുകളുമായി കറുത്ത കേട്ടിട്ട അഭിഭാഷകർ കറങ്ങുന്നു.
കോട്ടയം മെഡിക്കൽ കോളേജും, ജില്ലാ ആശുപത്രിയും കേന്ദ്രീകരിച്ചാണ് ഒരു വിഭാഗം വക്കീലന്മാരുടെ അഴിഞ്ഞാട്ടം.കോട്ടയത്തെ ഇരുപത്തഞ്ചിൽ താഴെ വരുന്ന വക്കീലന്മാരാണ് ഈ നാണം കെട്ട പണി ചെയ്യുന്നത്. ഇതു മൂലം അന്തസായി പണിയെടുക്കുന്ന വക്കീലന്മാർക്ക് മറ്റ് ആവശ്യങ്ങൾക്ക് പോലും മെഡിക്കൽ കോളേജിൽ കയറാൻ മേലാത്ത അവസ്ഥയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർക്കും പ്രവേശനമില്ലാത്ത ആശുപത്രി വാർഡുകളിൽ പോലും കറങ്ങുന്ന സംഘം, രോഗികളെ കറക്കിയെടുത്ത് കേസ് പിടിക്കുകയാണ്. ഇതിന് ഇടനില നിൽക്കുന്നതാകട്ടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു വിഭാഗം സെക്യൂരിറ്റി ജീവനക്കാരും, ഡോക്ടർമാരും ,പോലീസുകാരുമാണ്.
കോട്ടയം മെഡിക്കൽ കോളേജിലും, ജില്ലാ ആശുപത്രിയിലും അപകടത്തിൽ പെട്ട് എത്തുന്നവരെ വലവീശി പിടിക്കുകയാണ് അഭിഭാഷകർ. ഇൻഷൂറൻസ് കമ്പനിയുമായുള്ള കേസ് നടത്തി ലക്ഷങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഈ അനധികൃത ഇടപാട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ പലപ്പോഴും അപ്രതീക്ഷിതമായി അപകടത്തിൽപ്പെടുന്നവരാണ്. ഈ സാഹചര്യങ്ങളിൽ ഇവരുടെ പക്കൽ പണം ഉണ്ടാകില്ല. ഈ സാഹചര്യം മുതലെടുത്താണ് അഭിഭാഷകർ ഇടപെടുന്നത്. പണം കടമായി നൽകി സഹായിക്കാം എന്ന് വാഗ്ദാനം ചെയ്താണ് അഭിഭാഷകർ ഒപ്പം കൂടുന്നത്.
ഇത്തരം ഏജൻറുമാരും വക്കീലന്മാരും രോഗികളേയും ബന്ധുക്കളേയും സ്വാധീനിക്കരുതെന്നും വാർഡുകളിൽ കയറരുതെന്നും നിർദേശമുണ്ടെങ്കിലും കോട്ടയത്ത് ഇതിനൊക്കെ പുല്ലുവില.കോവിഡ് നിയന്ത്രണങ്ങൾ പോലും ലംഘിച്ചാണ് ഇക്കൂട്ടരുടെ അതിക്രമം.
കോട്ടയത്തെ കൊള്ളക്കാരായ അഭിഭാഷകരുടേയും പോലീസുകാരുടേയും അവിശുദ്ധ കൂട്ട് കെട്ട് . പരമ്പര തുടരും