play-sharp-fill
നിരന്തരമായ റെയിഡും പരിശോധനയും: 3,500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുമെന്നു കിറ്റെക്‌സ്

നിരന്തരമായ റെയിഡും പരിശോധനയും: 3,500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുമെന്നു കിറ്റെക്‌സ്

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്‌സ് ഗ്രൂപ്പ് പിന്മാറുകയാണെന്ന് ചെയർമാൻ സാബു ജേക്കബ്.

ഒരു അപ്പാരൽ പാർക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ 600 ഓളം പുതുസംരംഭകർക്ക് അവസരമൊരുക്കുന്ന വ്യവസായ പാർക്കും നിർമ്മിക്കാനുമുള്ള ധാരണാ പത്രത്തിൽ നിന്നാണ് പിന്മാറുന്നത്. 20000പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും ആയി 5000 പേർക്ക് വീതം തൊഴിൽ ലഭിക്കുന്ന 3 ഇൻഡസ്ട്രിയൽ പാർക്കും അടക്കം 35000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ചുള്ള തുടർ നടപടികൾക്കും തുടക്കമിട്ടിരുന്നു. അപ്പാരൽ പാർക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോർട്ടും മറ്റ് തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും വലിയ മുതൽ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതുമാണ്.

2025 ഓടെ പദ്ധതി പൂർത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മുതൽമുടക്കാനുള്ള ധാരണാ പത്രത്തിൽ നിന്നും പിന്നോട്ട് പോകുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് സാബു ജേക്കബ് വ്യക്തമാക്കി.

നിലവിലുള്ള വ്യവസായ സ്ഥാപനങ്ങൾ തന്നെ നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കിറ്റെക്‌സിന്റെ യൂണിറ്റുകളിൽ പരിശോധനയുടെ പേരിൽ കയറിയിറങ്ങിയത്. പത്തും പതിനഞ്ചും വണ്ടിയിൽ വന്നിറങ്ങി നാൽപ്പതും അമ്പതും പേർ വരുന്ന ഉദ്യോഗസ്ഥസംഘം ഫാക്ടറിയുടെ ഓരോ ഫ്‌ളോറിലേക്കും ഇരച്ച് കയറുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോൺനമ്പറും എഴുതി എടുക്കുന്നു.ഓരോ തവണയും മൂന്നും നാലും മണിക്കൂർ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകൾ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങൾ ചെയ്ത കുറ്റമെന്നോ അവർ പറഞ്ഞിട്ടില്ല.

കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാൻ വരുന്ന രീതിയിലാണ് കഴിഞ്ഞ 26 വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പരിശോധനകളെല്ലാം നടന്നത്.

ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരത്തിൽ നിയമാനുസൃതമല്ലാത്ത പരിശോധനകൾ കേരളത്തിൽ മാത്രമേ ഉണ്ടാകൂ. 10000 ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ പല പരിശോധനകൾക്കും ഓൺലൈൻ മാധ്യമങ്ങളുടെ ക്യാമറ സംഘവും ആയിട്ടാണ് ഇവർ എത്തിയതെന്നും ചെയർമാൻ ആരോപിച്ചു.