പിണറായിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന കേരള മാധ്യമങ്ങൾ: എം.എൽ.എ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ ആർക്കും പ്രതിഷേധമില്ല; തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനും കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകാനും എം.എൽ.എമാർ ഇനി തെരുവിലിറങ്ങി പിരിക്കേണ്ടി വരും
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മഹാമാരി അതിന്റെ എല്ലാ രൂക്ഷതയും വ്യക്തമാക്കി തകർത്താടുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഏറെ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇതിനിടെയാണ് എം.എൽ.എമാരുടെ ആസ്ഥി വികസന ഫണ്ടിൽവെട്ടിക്കുറവ് വരുത്തി ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയുടെ പേരിൽ എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ കക്ഷിരാഷ്ട്രീയമന്യേ പ്രതിഷേധിച്ച കേരളത്തിന്റെ നിയമനിർമ്മാണ സഭയിൽ നിന്നും പക്ഷേ, എം.എൽ.എമാരുടെ ആസ്ഥി വികസന ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിക്കാൻ ആരുമില്ലെന്നതാണ് യാഥാർത്ഥ്യം.
സംസ്ഥാനത്തെ നിയമസഭാ സാമാജികരുടെ ആസ്തിവികസന ഫണ്ട് വെട്ടിക്കുറക്കാനുള്ള സർക്കാർ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ അഞ്ചുകോടി രൂപയായിരുന്നത് ഒരു കോടിയായാണ് കുറച്ചത്. വെട്ടിക്കുറച്ച നാല് കോടി കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി നീക്കിവെക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ വകവയ്ക്കാതെയാണ് സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഎച്ച്സി, താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലേയ്ക്ക് പകർച്ച വ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ വീതം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒരു കേന്ദ്രത്തിന് ഏകദേശം 3 കോടി രൂപ വീതം 636 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇത് എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കണ്ടെത്തുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷവുമായി ചർച്ചകൾ നടന്നപ്പോൾ 3 കോടി രൂപ വരെ പിടിക്കാമെന്ന സമീപനമാണ് പ്രതിപക്ഷം കൈകൊണ്ടത്. എന്നാൽ ഈ ധാരണ മറികടന്നുള്ള ഏകപക്ഷീയമായ തീരുമാനമാണ് സഭയിൽ ഉണ്ടായത്. എംഎൽ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലൂടെ 560 കോടി രൂപയാണ് സർക്കാറിന് ലഭിക്കുക. ആസ്തിവികസന ഫണ്ട് ഒരുകോടിയായി കുറക്കുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സർക്കാർ തള്ളിക്കളഞ്ഞു.
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനടക്കം സഹായങ്ങൾ താഴെത്തട്ടിലെത്തുന്നത് എംഎൽഎ ഫണ്ടിൽ നിന്നാണ്. എംഎൽഎ ഫണ്ടിൽ നിന്നും സ്ഥിരമായി തെരുവിലുള്ളവർക്കും ക്വാറന്റൈനിലുള്ളവർക്കും ഭക്ഷണ കിറ്റുകളടക്കം എത്തിക്കാൻ പല എംഎൽഎമാരും നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. ആ പ്രവർത്തനങ്ങൾക്കാണ് ഈ പ്രഖ്യാപനത്തോടെ താഴ് വീഴുന്നത്. ഇനി ഓൺലൈൻ വിദ്യാഭ്യാസ സഹായങ്ങളും ക്വാറന്റൈൻ വീടുകളിലേയ്ക്കുള്ള ഭക്ഷണകിറ്റുകളും തുടരണമെങ്കിൽ എംഎൽഎമാർ നാട്ടിലിറങ്ങി പിരിക്കേണ്ട അവസ്ഥയാണ്.
കടൽക്ഷോഭം മൂലം മൂലം തകർച്ച സംഭവിച്ച സ്ഥലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളെക്കാൾ ആദ്യമെത്തുന്നത് എംഎൽഎമാരുടെ സഹായങ്ങളായിരുന്നു. ഇനി ഒന്നും ചെയ്യാനാകാതെ സ്വന്തം ജനങ്ങൾ കഷ്ടപ്പെടുന്നത് കണ്ടുനിൽക്കാൻ മാത്രമെ എംഎൽഎമാർക്ക് സാധിക്കുകയുള്ളു. സർക്കാർ പ്രഖ്യാപനങ്ങൾ പലതും വെള്ളത്തിൽ വരച്ച വരയാകുമ്‌ബോൾ ആരോഗ്യരംഗത്തടക്കം ഫലം കാണുന്ന വികസനമാതൃക തന്നെയായിരുന്നു ആസ്തിവികസന ഫണ്ട്.
വേണമെങ്കിൽ മുഖ്യമന്ത്രിക്ക് എംഎൽഎമാരോട് നിർദ്ദേശിക്കാമായിരുന്നു, ഈ വർഷത്തെ ഫണ്ടിന്റെ പകുതിയോ അതിലേറെയോ സ്വന്തം മണ്ഡലങ്ങളിൽ പകർച്ച വ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ വിനിയോഗിക്കണമെന്ന്. അതായിരുന്നു ജനാധിപത്യമര്യാദ. പകരം ഇത് സംസ്ഥാന ഖജനാവിൽ നിന്നുള്ള പണമാണെന്ന അധികാരത്തോടെ പ്രതിപക്ഷത്തിന്റെ അഭ്യർത്ഥന പോലും മാനിക്കാതെ 80% പിടിക്കാനാണ് സർക്കാർ തീരുമാനിച്ചത്. പല എംഎൽഎമാരും സ്വന്തം മണ്ഡലത്തിലെ ആശുപത്രികളിൽ കോവിഡ് ബന്ധിത നടപടികൾക്കായും വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസഹായങ്ങൾക്കായും സഹായങ്ങൾ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളെ ആകുന്നുള്ളു. അവയെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
എംപി ഫണ്ട് മരവിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ എംഎൽഎ ഫണ്ട് വെട്ടിക്കുറയ്ക്കുമ്പോഴും ഉണ്ടാകും എന്നതാണ് വസ്തുത. എന്നാൽ എംപി ഫണ്ടിന്റെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ ഉറഞ്ഞുതുള്ളിയ സാമൂഹ്യപരിഷ്‌കർത്താക്കളെ ഒന്നും ഇപ്പോൾ കാണാനില്ല. എംപി ഫണ്ട് മരവിപ്പിച്ചതിനെതിരെ പേന ചലിപ്പിച്ച മാധ്യമങ്ങളും നിശബ്ദരാണ്. അല്ലെങ്കിലും പിണറായിയെ കാണുമ്പോൾ കവാത്ത് മറക്കുന്നവരാണല്ലോ അവർ. എംപി ഫണ്ട് മരവിപ്പിച്ചത് കോവിഡിനെതിരായ പോരാട്ടത്തെ ദുർബലമാക്കുമെന്ന ശക്തമായ പ്രസ്താവന നടത്തിയ യെച്ചൂരിയുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തിലാണ് എംഎൽഎ ഫണ്ട് ഏകദേശം പൂർണമായും നിർത്തിയത്.
നരേന്ദ്ര മോദിയുടെ നയങ്ങൾ അതേപടി നടപ്പിലാക്കുന്നയാളാണ് പിണറായി വിജയനെന്ന അർത്ഥത്തിലാണ് അദ്ദേഹത്തെ മല്ലുമോദിയെന്നും മുണ്ടുടുത്ത മോദിയെന്നുമൊക്കെ പാളയത്തിനകത്തും പുറത്തുമുള്ള എതിരാളികൾ വിളിക്കുന്നത്. എന്നാൽ മോദിയെക്കാൾ നന്നായി ആ നയങ്ങൾ ജനങ്ങളുടെയും എതിരാളികളുടെയും കണ്ണിൽ പൊടിയിട്ട് അവരെ നിശബ്ദരാക്കി നടപ്പാക്കുന്ന വിദ്യ പിണറായിക്കറിയാം. ആ വിദ്യ പിണറായിയിൽ നിന്നും നരേന്ദ്ര മോദി പഠിക്കേണ്ടതുണ്ട്.