പാലിയേക്കര ടോൾ പ്ലാസ മുതലാളിക്ക് കൊള്ളലാഭം ഉണ്ടാക്കാൻ സർക്കാർ കൂട്ട് ; ആറു വർഷം കൊണ്ട് പിരിച്ചത് 600 കോടിയോളം! ഇനി കാലാവധി പത്തു വർഷത്തിന് മുകളിൽ
സ്വന്തം ലേഖകൻ
തൃശ്ശൂർ: മുടക്കിയതിന്റെ പതിന്മടങ്ങ് ലാഭമുണ്ടാക്കിയിട്ടും പാലിയേക്കര ടോൾ പ്ലാസ കമ്പനിക്ക് ഇനിയും പത്തുവർഷം കൂടി കാലാവധി. ആറു വർഷത്തിനിടെ 600 കോടിക്കടുത്താണ് പിരിച്ചെടുത്തത്. ടോൾ പിരിവിന്റെ കാലാവധി പത്തു വർഷം ബാക്കി നിൽക്കെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തു വരുന്നത്. 596.5 കോടി രൂപയാണ് ഇതുവരെ പിരിച്ചെടുത്തത്. ദേശീയ പാതയുടെ നിർമ്മാണച്ചെലവ് 721.17 കോടി രൂപയും.
82 ശതമാനമാണ് ആറു വർഷം കൊണ്ട് പിരിച്ചത്. 2028 ജൂൺ 21 നാണ് ടോൾ പിരിവ് അവസാനിക്കുന്നത്. 124 കോടി മാത്രമാണ് ഇനി മുടക്കുമുതലിലേക്ക് പിരിച്ചെടുക്കാനുള്ളത്. അങ്ങനെ വരുമ്പോൾ അടുത്ത പത്ത് വർഷംകൊണ്ട് വൻ ലാഭമായിരിക്കും കമ്പനി ഉണ്ടാക്കാൻ പോകുന്നത്. 2017 മെയ് ഒന്നു മുതൽ 2018 മാർച്ച് 30 വരെയുള്ള 11 മാസം കൊണ്ട് കമ്പനി പിരിച്ചെടുത്തത് 107.18 കോടി രൂപ. 2018 ഏപ്രിൽ മുതൽ ജൂൺ 30 വരെയുള്ള മൂന്ന് മാസം കൊണ്ട് 34.44 കോടി രൂപയും. 2012 ഫെബ്രുവരിയാണ് ടോൾ പിരിവ് തുടങ്ങിയത്. മണ്ണുത്തി-ഇടപ്പള്ളി ദേശിയ പാതയിൽ ടോൾ കമ്പനി കരാർ പ്രകാരം ആറ് മേൽപ്പാലങ്ങളും രണ്ട് അടിപ്പാതകളും നിർമിച്ചതായാണ് ദേശീയ പാത അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ നിർമ്മാണം ഇനിയും പൂർത്തിയാക്കാനുണ്ട്. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയെന്നാണ് ദേശീയപാത അതോറിറ്റി രേഖമൂലം നൽകിയിരിക്കുന്ന വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group