നിർമ്മാതാവിന് വേണ്ടി പൊലീസ് ക്വട്ടേഷൻ: സി.ഐ സാജു വർഗീസിന് സസ്പെൻഷൻ: മികച്ച കുറ്റാന്വേഷകൻ പക്ഷേ അശ്രദ്ധയിൽ കുടുങ്ങി
തേർഡ് ഐ ബ്യൂറോ
കോട്ടയം: സി.പി.എം പ്രാദേശിക നേതാവിന്റെ നിർദേശം അനുസരിച്ച് 25 ലക്ഷം രൂപയ്ക്ക് പൊലീസ് ക്വട്ടേഷൻ ഏറ്റെടുത്തെന്ന ആരോപണത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സാജു വർഗീസിന് സസ്പെൻഷൻ. ശനിയാഴ്‌ച മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ സുരക്ഷാ ഡ്യുട്ടിക്കിടെയാണ് സസ്പെൻഷൻ ഉത്തരവ് സാജു വർഗീസിന് ലഭിച്ചത്. ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ ഉത്തരവ് ലഭിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐ.ജി വിജയ് സാഖറെയാണ് സസ്പെന്റ് ചെയ്തത്.
കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം , അച്ചടക്ക ലംഘനം എന്നിവ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 25 ലക്ഷം കൈക്കൂലി വാങ്ങി എന്നത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. സസ്പെൻഷന് ശേഷം
വിശദമായ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഈ റിപ്പോർട്ട് സാജുവിന്റെ പി.ആറിൽ ചേർക്കും. ഇതോടെ തുടർന്നുള്ള പ്രമോഷനുകളെയും ഇത് ബാധിക്കും.
2017 നവംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പള്ളി സ്വദേശിയായ നിർമ്മാതാവ് പ്രകാശ് ദാമോദരനു ലഭിക്കാനുള്ള 83.50 ലക്ഷം രൂപ മംഗലാപുരം സ്വദേശിയായ കോളേജ് ഉടമയിൽ നിന്നു വാങ്ങി നൽകാൻ സാജു വർഗീസ് ക്വട്ടേഷൻ എടുത്തതായായിരുന്നു ആരോപണം. പുതുപ്പള്ളിയിലെ പ്രാദേശിക സി പി എം നേതാവിന്റെ നിരദേശാനുസരണം ഇവർ ആദ്യം അന്നത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് ഈസ്റ്റ് എസ് ഐ രഞ്ജിത്ത് കെ വിശ്വനാഥ് പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആർ ഇട്ട് കേസ് സാജുവിന് കൈമാറുകയായിരുന്നു. നിർമ്മാതാവ് ഏർപ്പെടുത്തിയ ഗുണ്ടകൾക്കൊപ്പം മൂന്ന് സ്വകാര്യ കാറുകളിൽ മംഗലാപുരത്ത് എത്തി കേസിലെ അഞ്ചാം പ്രതിയായ കോളജ് ഉടമയെ തട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവ സമയത്ത് സാജുവിന്റെ വാഹനം ഓടിച്ച യുവാവിനെ മറ്റൊരു കേസിൽ ഈസ്റ്റ് പൊലീസ് പിടികൂടുകയും മർദിക്കുകയും ചെയ്തു. ഇതോടെ സംഭവത്തെപ്പറ്റി യുവാവ് വെളിപ്പെടുത്തി. തുടർന്ന് സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ മംഗളം പത്രം ഇത് റിപ്പോർട്ട് ചെയ്തു.
.വാർത്ത വിവാദമായതോടെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സി ഐ സാജു വർഗീസ് വീഴ്ച വരുത്തിയതായി കണ്ടെത്തി കഴിഞ്ഞ ആഴ്ച എസ് പി യ്ക്ക് റിപ്പോർട്ട് നൽകി.
പ്രതിയായ കോളജ് ഉടമയെ മംഗലാപുരത്ത് നിന്ന് പിടികൂടിയതിനും കേസെടുത്തതിനും രേഖകളുണ്ട്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചതായും കേസ് ഡയറിയിൽ പറയുന്നു. പണം നൽകി കേസ് ഒത്തു തീർപ്പായതായി വാക്കാൽ പറഞ്ഞെങ്കിലും രേഖകൾ ഒന്നുമില്ല. പ്രതിയെ വിട്ടയച്ചത് സംബന്ധിച്ച് രേഖകളൊന്നുമില്ല. കേസ് ഒത്തു യതായി പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ഇതാണ് സാജു വർഗീസിന് കുടുക്കായത് . ജില്ലയിലെ മികച്ച കുറ്റാന്വേഷകനായ സാജുവിന് കേസിന്റെ അവസാന ഘട്ടത്തിലെ അശ്രദ്ധയാണ് വിനയായത്. പ്രതിയും വാദിയും പണം നൽകി ഒത്തു തീർപ്പായതിനാൽ ഇനി കേസിൽ കുഴപ്പമുണ്ടാകില്ലന്ന അമിത ആത്മവിശ്വാസത്തിന് സസ്പെൻഷൻ വിലയായി നൽകേണ്ടി വന്നു.