പുത്തനങ്ങാടിയിൽ കനത്ത മഴയിൽ വീടിനു മുകളിൽ മരം വീണു: ഒരു വീടിനു മുകളിൽ വീണത് മൂന്നു മരം; മരം വീണ് വീട് പൂർണമായും തകർന്നു; വീടിനുള്ളിലുണ്ടായിരുന്നവർ രക്ഷപെട്ടത് ആത്ഭുതകരമായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കനത്ത മഴയിലും കാറ്റിലും പുത്തനങ്ങാടിയിൽ വീടിനു മുകളിൽ മരം വീണു. സമീപത്തെ ക്ഷേത്രത്തിലും വീട്ടിലും നിന്ന മൂന്നു മരമാണ് കടപുഴകി വീടിനു മുകളിൽ വീണത്. വീട് പൂർണമായും വീട് തകർന്നെങ്കിലും മരം വീഴുന്ന ശബ്ദം കേട്ട് വീട്ടുടമയും കുടുംബാംഗങ്ങളും ഓടി രക്ഷപെട്ടതിനാൽ വൻ അപകടം ഒഴിവായി.
കോട്ടയം നഗരസഭ 24 ആം വാർഡിൽ പുത്തനങ്ങാടി എരുത്തിക്കൽ തായിച്ചേരി ശശിധരന്റെ വീടിനു പുറത്താണ് മരം വീണത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കനത്ത മഴയും ശക്തമായ കാറ്റും ഇവിടെ അനുഭവപ്പെട്ടിരുന്നു. ഇതിനിടെ വീടിനു സമീപത്തെ ഭൂവനേശ്വരി അമ്പലത്തിലെ ആൽ മരവും, സമീപത്തെ വീട്ടിലെ തേക്കും, മറ്റൊരു വീട്ടിലെ തെങ്ങുമാണ് ഇവരുടെ വീടിനു മുകളിലേയ്ക്കു മറിഞ്ഞു വീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിന്റെ അതിർത്തിയിലാണ് ഈ വീടുള്ളത്. രാത്രിയിൽ വീട്ടുടമകൾ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കനത്ത കാറ്റും മഴയും എത്തിയത്. ഈ കാറ്റിലും മഴയിലുമാണ് വീടിനു മുകളിലേയ്ക്ക് മരം വീണത്. വിവരം അറിഞ്ഞ് എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയും
കേരള കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ രാഹുൽ രഘുനാഥ് സ്ഥലത്ത് എത്തി. തുടർന്നു ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റി പാർപ്പിച്ചു.
സംഭവം അറിഞ്ഞ് ബുധനാഴ്ച രാവിലെ തോമസ് ചാഴികാടൻ എം.പിയും, നഗരസഭ അംഗം അഡ്വ.ടോം കോര അഞ്ചേരിയും സ്ഥലത്ത് എത്തിയിരുന്നു. വീട്ടുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നു തോമസ് ചാഴികാടൻ എം.പി ഉറപ്പ് നൽകി. രഘുനാഥൻ വാടകയ്ക്ക് താമസിക്കുന്ന വീടാണ് തകർന്നത്. ഇവരുടെ വീട്ടുപകരണങ്ങളും തകർന്നിട്ടുണ്ട്.