
വിദേശത്ത് നിന്നും അവധിയ്ക്ക് നാട്ടിലെത്തി; കൊവിഡ് പടർന്നതോടെ വെട്ടിലായത് ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ; വാക്‌സിനില്ലാതായതോടെ മടക്ക യാത്രയും പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: വിദേശത്തു നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ ആരോഗ്യ പ്രവർത്തകർ അടക്കമുള്ള പ്രവാസികൾ ദുരിതത്തിൽ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മിക്ക വിദേശ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയത് കൂടാതെ, കൊവിഡ് വാക്‌സിൻ ലഭിക്കാത്തതുമാണ് ഇപ്പോൾ രാജ്യത്തെ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
കൊവിഡ് വാക്സിൻ എടുത്ത ശേഷം 15 ദിവസത്തിനു ശേഷം മാത്രമേ പല വിദേശരാജ്യങ്ങളും പ്രവാസികളെ തിരികെ പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് നിലപാട്. എന്നാൽ, സംസ്ഥാനത്ത് ഇതുവരെയും പ്രവാസികൾ അടക്കമുള്ളവർക്ക് എപ്പോൾ വാക്‌സിൻ ലഭിക്കും എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു മാസത്തോളമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള പല പ്രവാസികളും നാട്ടിലെത്തിയിട്ടുണ്ട്. ഇവർക്കാർക്കും തിരികെ പോകാൻ സാധിച്ചിട്ടില്ല. ആരോഗ്യ പ്രവർത്തകർക്ക് അടക്കം നിരവധി പ്രവാസികളാണ് ഇപ്പോൾ നാട്ടിലുള്ളത്. ഇന്ത്യയിൽ കൊവിഡ് സ്ഥിതി ഗതികൾ അതിരൂക്ഷമായി തുടരുന്നതിനാൽ പല രാജ്യങ്ങളിലും ഇന്ത്യക്കാർക്ക് വിലക്കുണ്ട്.
ഇതിനിടെയാണ് സൗദി അടക്കമുള്ള രാജ്യങ്ങൾ കൊവിഡ് വാക്സിൻ എടുത്ത ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കൊവാക്സിൻ എടുത്ത ഇന്ത്യക്കാർക്കാണ് ഇപ്പോൾ വിദേശ രാജ്യങ്ങളിലേയ്ക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത്.
എന്നാൽ, ഇപ്പോഴും ഇത്തരക്കാർക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടിയായിട്ടില്ല. വാക്സിൻ വിതരണത്തിന്റെ മുൻഗണനാ ക്രമത്തിൽ പ്രവാസികളായ ശേഷം നാട്ടിൽ എത്തിയവരെ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വിസാ കാലാവധി തീരും മുൻപ് മടങ്ങാനാവുമോ എന്ന ആശങ്കയിലാണ് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളിൽ പലരും. നിലവിലെ സാഹചര്യത്തിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഉടനെങ്ങും വാക്സിൻ അനുവദിക്കുമെന്ന സൂചനയില്ല. ഇത്തരത്തിൽ ഇവർക്ക് വാക്സിൻ അനുവദിച്ചില്ലെങ്കിൽ ഇവരിൽ പലരുടെയും ജോലി തന്നെ പ്രതിസന്ധിയിലാകും.