മുകളിൽ നിന്ന് പ്രസിഡന്റിനെയും വർക്കിംഗ് പ്രസിഡന്റുമാരേയും കെട്ടിയിറക്കുന്നതാണോ ജനാധിപത്യം ? ഇനി ഇപ്പോൾ ഇതായിരിക്കുമോ ജനാധിപത്യം ‘: കോൺഗ്രസിനെ പരിഹസിച്ച് എംഎം മണി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരിഹാസവുമായി വൈദ്യുതമന്ത്രി എംഎം മണി. കെപിസിസിയിൽ പുതിയ പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും ചുമതലയേറ്റ പശ്ചാത്തലത്തിലാണ് എംഎംമണിയുടെ പരിഹാസം. തെരഞ്ഞെടുപ്പൊന്നുമില്ലാതെ ഇങ്ങിനെ മുകളിൽ നിന്ന് പ്രസിഡന്റിനെയും വർക്കിംഗ് പ്രസിഡന്റിനെയും കെട്ടിയിറക്കുന്നതിൽ എവിടെയാണ് ജനാധിപത്യം, ഇനി ഇപ്പോൾ ഇതായിരിക്കുമോ ജനാധിപത്യം എന്ന്, എംഎം മണി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎം മണി പരിഹസിച്ചത്.
എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസിനെ കോൺഗ്രസ്സുകാർ വിളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്നാണ്. ജനാധിപത്യ പാർട്ടിക്ക് കുറേക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു പ്രസിഡന്റിനെ കിട്ടിയത്. ജനാധിപത്യമെന്ന് വലിയവായിൽ പറയുന്നുണ്ടെങ്കിലും ഹൈക്കമാന്റിൽ നിന്നും കെട്ടിയിറക്കിയാണ് അതും സംഭവിച്ചത്. തെരഞ്ഞെടുപ്പൊന്നുമില്ലാതെ ഇങ്ങിനെ ഒരു (പണിയെടുക്കാത്ത) പ്രസിഡന്റിനെയും പണിയെടുക്കാൻ വർക്കിംഗ് പ്രസിഡന്റുമാരായി മറ്റു കുറേപ്പേരെയും നിയമിച്ചത് എന്തുകൊണ്ടും നന്നായി. അല്ലാതെ ജനാധിപത്യം ഉണ്ടെന്നു തെളിയിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിൽ എന്തായിരിക്കുമായിരുന്നു പുകിൽ. വരണാധികാരികൾ മുണ്ടുപോലും ഇല്ലാതെ ഓടിയത് നമ്മൾ പണ്ട് കണ്ടിട്ടുള്ളതാണല്ലോ. ഏതായാലും ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ കാര്യം കഴിഞ്ഞത് നന്നായി. അങ്ങ് ഹൈക്കമാന്റിൽ അഖിലേന്ത്യാ അദ്ധ്യക്ഷന്റെ വരവും തികച്ചും ജനാധിപത്യപരമായിരുന്നതിനാൽ ഇവിടെ മാത്രം കുറ്റം കണ്ടെത്തുന്നതിൽ കാര്യമില്ലല്ലോ. എന്നാലും ഒരു സംശയം ബാക്കിയാണ്. ഈ കോൺഗ്രസ്സുകാർ ഇപ്പോഴും ജനാധിപത്യ പാർട്ടിയെന്നും പറഞ്ഞു നടക്കുന്നത് എന്തിനായിരിക്കും? ഇനിയിപ്പോൾ ജനാധിപത്യം എന്ന് പറഞ്ഞാൽ ഇതായിരിക്കുമോ അർത്ഥം? പിന്നെ ഞങ്ങളെ ആര് എന്തൊക്കെ പറഞ്ഞാലും ഞങ്ങളെ ഞങ്ങൾ ജനാധിപത്യ പാർട്ടി എന്നേ വിളിക്കൂ.