play-sharp-fill
നാട്ടുകാരുടെ തലയിൽ വീഴാൻ ഒരു കെട്ടിടം: പുളിമൂട് ജംഗ്ഷനിൽ ഫുട്പാത്തിലേയ്ക്ക് ചരിഞ്ഞ് നിൽക്കുന്ന കെട്ടിടം കാൽനടയാത്രക്കാർക്ക് ഭീഷണി; കണ്ടിട്ടും കണ്ണടച്ച് അധികൃതർ

നാട്ടുകാരുടെ തലയിൽ വീഴാൻ ഒരു കെട്ടിടം: പുളിമൂട് ജംഗ്ഷനിൽ ഫുട്പാത്തിലേയ്ക്ക് ചരിഞ്ഞ് നിൽക്കുന്ന കെട്ടിടം കാൽനടയാത്രക്കാർക്ക് ഭീഷണി; കണ്ടിട്ടും കണ്ണടച്ച് അധികൃതർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ആയിരക്കണക്കിന് കാൽനടയാത്രക്കാർ നടന്നു പോകുന്ന പുളിമൂട് ജംഗ്ഷനിലെ ഫുട്പ്പാത്തിലേയ്ക്ക് ചരിഞ്ഞ് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം. പുളിമൂട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിന് എതിർവശത്തെ കെട്ടിടമാണ് ഒരു ഭാഗം പൊളിഞ്ഞ് റോഡിലേയ്ക്കു വീഴാറായി നിൽക്കുന്നത്. കെട്ടിടം ഏതു നിമിഷനും താഴെ വീഴുമെന്ന സ്ഥിതിയിൽ നിന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പൊലീസും നഗരസഭ അധികൃതരും നിരന്തരം യാത്ര ചെയ്യുന്ന തിരക്കേറിയ റോഡരികിലാണ് അപകടകരമായ രീതിയിൽ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.


അൻപത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഭിത്തി വിണ്ടു കീറി റോഡിലേയ്ക്ക് ചരിഞ്ഞു നിൽക്കുകയാണ്. ഈ കെട്ടിടം ഏത് നിമഷവും റോഡിലേയ്ക്കു വീഴാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാർ ഇവിടെ അപകട മുന്നറിയിപ്പിനായി സൂചന സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കല്ലും പ്ലാസ്റ്റിക്ക് ചാക്കുകളും വച്ച് കയർ കെട്ടിയിരിക്കുകയാണ്. ഇതോടെ റോഡിലേയ്ക്കിറങ്ങിയാണ് കാൽ നടയാത്രക്കാർ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കേറിയ റോഡിൽ ഇത്തരത്തിൽ ആളുകൾ ഫുട്പാത്ത് ഒഴിവാക്കി റോഡിലേയ്ക്കിറങ്ങുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുമുണ്ട്.
പുളിമൂട് ജംഗ്ഷനിൽ ഇത്തരത്തിൽ അപകടകരമായി നിൽക്കുന്ന ഈ കെട്ടിടം റോഡരികിലേയ്ക്ക് ചാഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. റോഡരികിലെ കെട്ടിടത്തിന്റെ അപകട സ്ഥിതി കണ്ടിട്ടും ഉദ്യോഗസ്ഥരും അധികൃതരും ആരും തന്നെ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആയിരക്കണക്കിന് യാത്രക്കാർ കടന്നു പോകുന്ന റോഡിൽ ആളുകളുടെ തലയ്ക്കു മുകളിൽ, ജീവനു തന്നെ ഭീഷണിയായി ഒരു കെട്ടിടം നിന്നിട്ടും അധികൃതർ ആരും തന്നെ ശ്രദ്ധിക്കുന്നതേയില്ല. അപകടം ഉണ്ടാകും വരെ കാത്തിരിക്കുകയാണ് നഗരസഭ അധികൃതർ.


നഗരസഭ പരിധിയിൽ അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടതും, ആളുകളുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കേണ്ടതും അധികൃതരുടെ ഉത്തരവാദിത്വമാണ്. എന്നാൽ, ഇതിനുള്ള നടപടികൾ പക്ഷേ, ഇതുവരെയായും നഗരസഭ സ്വീകരിക്കുന്നതേയില്ല. അപകടമുണ്ടായി ആളുകളുടെ ജീവൻ വെടിയുന്നത് വരെ കാത്തിരിക്കുകയാണ് നഗരസഭ. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.