
സ്വന്തം ലേഖകൻ
കണ്ണൂർ: കാലം പുരോഗമിച്ചതോടെ തട്ടിപ്പ് നടത്തുന്നവരുടെ രീതിയും മാറിയിട്ടുണ്ട്. എല്ലാവരും സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പും പെരുകുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനുള്ള പഴുതുകളടച്ചുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്. ഇതിനിടയിലാണ് കണ്ണൂരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് അക്ഷരാർത്ഥത്തിൽ പൊലീസ് സേനയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂർ റൂറൽ എസ്പിയായ നവനീത് ശർമയുടെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി റിക്വസ്റ്റ് അയച്ച് സുഹൃത്തുക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്.
വ്യാജ അക്കൗണ്ടിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെടുകയായിരുന്നു. അതേസമയം വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ കഴിഞ്ഞ ദിവസം കണ്ണൂർ ആർ.ടി.ഒയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് ആർ.ടി.ഒ ഉണ്ണികൃഷ്ണനാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്.
ഉണ്ണികൃഷ്ണൻ എരമ്പത്ത് എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കളോട് ധനസഹായാഭ്യർത്ഥന നടത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. ഡ്രൈവിങ് സ്‌കൂൾ ഉടമക്ക് വ്യാജ പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്ത് 10,000 രൂപ ഓൺലൈനായി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ചാറ്റിൽ സംശയം തോന്നിയ ഡ്രൈവിങ് സ്‌കൂൾ ഉടമ നേരിട്ട് ആർ.ടി.ഒയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.
ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നുവെന്നാണ് പൊലിസ് നൽകുന്ന മുന്നറിയിപ്പ്. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഇവരിപ്പോൾ വിലസുന്നത്. വീഡിയോ കോൾ ചെയ്തും, ഉന്നതരുടെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി പണം തട്ടലുമാണ് സജീവമായിരിക്കുന്നത്.
ഒട്ടേറെ പേർക്ക് ഇതിനോടകം തന്നെ ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ പലരും മാനഹാനി ഭയന്ന് വിവരം പുറത്ത് പറയാത്തതും തട്ടിപ്പുകാർക്ക് വളമാകുന്നുണ്ട്.