റഫേൽ ഇടപാട്: കേന്ദ്രം പ്രതിരോധത്തിൽ; ന്യായീകരണവുമായി ജെയ്റ്റലി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: റഫാൽ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കൂടുതൽ വിലയ്ക്കാണ് റഫാൽ വിമാനങ്ങൾ വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജെയ്റ്റ്ലി നിഷേധിക്കുകയും കൂടുതൽ വിലക്കാണോ വിമാനങ്ങൾ വാങ്ങിയതെന്ന കാര്യം സി.എ.ജിയാണ് പരിശോധിക്കേണ്ടതെന്നും അരുൺ ജെയ്റ്റലി വ്യക്തമാക്കി. പൂർണമായും സുതാര്യമാണ് റഫാൽ ഇടപാട് റദ്ദാക്കേണ്ട ആവശ്യമില്ലെന്നും യു.പി.എ സർക്കാർ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എൻ.ഡി.എ സർക്കാർ വിമാനങ്ങൾ വാങ്ങുന്നതെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു. സുരക്ഷ മുൻനിർത്തി വിമാനങ്ങളുടെ വില ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിന് സംശയങ്ങളുണ്ടെങ്കിൽ സി.എ.ജിയെ സമീപിക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു. റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തുക തന്നെ ചെയ്യും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് വിമാനങ്ങൾ ആവശ്യമാണ്. സുതാര്യമായ സർക്കാറാണ് മോദി സർക്കാറെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
റാഫേൽ യുദ്ധവിമാന ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യാ സർക്കാരാണെന്ന ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസോ ഹോലാന്ദേ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇത് പ്രതിരോധമന്ത്രാലയം തള്ളുകയും ചെയ്തിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസോട്ട് ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ ഇന്ത്യയിലെ പങ്കാളിയാക്കി നിയോഗിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഒരു പങ്കാളിത്തവുമില്ല. ഇതു നേരത്തേ വ്യക്തമാക്കിയതുമാണ്.