കൊവിഡ് പ്രതിരോധം; പിന്തുണയും നിര്‍ദേശങ്ങളുമായി ജനപ്രതിനിധികള്‍
സ്വന്തം ലേഖകൻ
കോട്ടയം : കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നിര്‍ദേശങ്ങളുമായി ജനപ്രതിനിധികള്‍. ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ എം.പിമാരും, എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും അവതരിപ്പിച്ചത്.
രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകള്‍ സ്വീകരിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. പുതിയ പരിചരണ കേന്ദ്രങ്ങള്‍ തുറക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. ഇത്തരം കേന്ദ്രങ്ങള്‍ ഒരുക്കുമ്പോള്‍ മറ്റു രോഗങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളില്‍ കുറവു വരാതെ ശ്രദ്ധിക്കുകയും വേണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കണം. കോവിഡ് പ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് നടത്തിവരുന്ന പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരണം-അവര്‍ പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ എംപിമാരായ തോമസ് ചാഴികാടന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്‍റോ ആന്‍റണി, എം.എല്‍.എമാരായ ഉമ്മന്‍ ചാണ്ടി, സുരേഷ് കുറുപ്പ്, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.