സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗിക ശേഷി പരിശോധനയ്ക്കു വിധേയനാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലാണ് ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിച്ച് ഉറപ്പു വരുത്തിയത്. ഇതോടെ ബിഷപ്പിനെതിരായി കന്യാസ്ത്രീ ഉയർത്തിയ ആരോപണങ്ങളിൽ കൂടുതൽ വ്യക്തതയായി.
ശനിിയാഴ്ച ഉച്ചയോടെയാണ് പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് സംഘം ഹാജരാക്കിയത്. രണ്ടരയോടെ കേസ് കേട്ട കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിച്ചു. ഇതിനു പിന്നാലെ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിൽ രണ്ടു ദിവസം വിടുകയും ചെയ്തു. എന്നാൽ, ഇതിനു പിന്നാലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ ബിഷപ്പിന് ലൈംഗിക ശേഷിയുണ്ടെന്ന് തെളിഞ്ഞത്. ബിഷപ്പിന്റെ രക്ത സാമ്പിളുകളും, ഉമിനീരും, ലൈംഗിക ശേഷി തെളിയിക്കുന്നതിനുള്ള സ്രവങ്ങളും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ശനിയാഴ്ച രാവിലെ പൊലീസ് ക്ലബിൽ എത്തിച്ച ശേഷം ചായയും ഭക്ഷണവും അടക്കം നൽകി എസി മുറിയിലാണ് പൊലീസ് താമസിപ്പിച്ചത്. മറ്റു പ്രതികൾ വിലങ്ങണിഞ്ഞ് ലോക്കപ്പിൽ കിടക്കുമ്പോഴാണ് ഫ്രാങ്കോ ബിഷപ്പിനെ ആധുനിക സൗകര്യങ്ങളോടെ സ്വീകരിച്ചത്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കട്ടൻകാപ്പി നൽകിയിരുന്നു. പൊലീസ് ക്ലബിൽ എത്തിയ ശേഷം അപ്പവും മുട്ടക്കറിയും നൽകി. തുടർന്ന് ഉച്ചയോടെ പാലായിൽ എത്തിച്ചു. വൈകിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം എത്തിയപ്പോൾ ചോറും മീൻകറിയും കഴിക്കുന്നതിനു നൽകി. രാത്രിയിൽ ഭക്ഷണം നൽകാൻ പൊലീസ് തയ്യാറായെങ്കിലും വേണ്ടെന്നായിരുന്നു ബിഷപ്പിന്റെ മറുപടി.