ഇനിയും കോവിഡ് വ്യാപനമുണ്ടായാൽ കേരളം തകർന്ന് തരിപ്പണമാകും; വോട്ടെണ്ണൽ ദിവസത്തെ ആഹ്ളാദ പ്രകടനങ്ങൾ നിരോധിക്കണം: തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിൽ
തേർഡ് ഐ ബ്യൂറോ
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിദിനം 1500 ൽ കിടന്ന കൊവിഡ് കണക്കുകൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പതിമൂവായിരത്തിലേക്ക് എത്തിയതിന് സമാനമായ സാഹചര്യം മെയ് രണ്ടിന് ഉണ്ടാകില്ലന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പൊതുപ്രവർത്തകനും, തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുമായ ഏ.കെ ശ്രീകുമാറാണ് വോട്ടെണ്ണൽ ദിനത്തിലെ ആഹ്ളാദപ്രകടനവും പൊതുയോഗവും ആഘോഷ പരിപാടികളും നിരോധിക്കണമെന്നും, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും, പരിസരത്തും, സ്ഥാനാർത്ഥികളും, ബൂത്ത് ഏജൻ്റുമാരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരുമൊഴികെ മറ്റുള്ളവരെ പ്രവേശിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ സമയത്ത് കൊവിഡ് കണക്ക് പ്രതിദിനം 1500 ൽ താഴെയായിരുന്നു. എന്നാൽ , വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കൊവിഡ് പ്രതിദിന കണക്ക് പതിമൂവായിരത്തിലേക്ക് കുതിച്ചുയർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മാത്രം 13835 പേർക്ക് കോവിഡ് ബാധയുണ്ടായി.
ഇതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്തു.
കൊവിഡ് സമയത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ കർശന നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ , ഈ നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയാണ് പ്രചാരണം പൂർണമായും നടന്നത്.
റോഡ് ഷോയും വാദ്യമേളങ്ങളും കൊവിഡ് പ്രതിരോധം ലംഘിക്കുന്ന പടുകൂറ്റൻ റാലികളുമായിരുന്നു തിരഞ്ഞെടുപ്പിൽ നടത്തിയിരുന്നത്. ഈ റാലികളാണ് കൊവിഡ് പടർന്ന് പിടിക്കാൻ കാരണമായത് .
ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചതും. എന്നാൽ , ഈ നിയന്ത്രണങ്ങൾ മെയ് രണ്ടിന് വോട്ടെണ്ണൽ ദിനത്തിൽ പ്രായോഗികമാകുമോ എന്ന സംശയമാണ് ഉയരുന്നത്. നിലവിൽ ഹോട്ടലുകളിൽ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു. ഇത് കൂടാതെ സ്ഥാപനങ്ങൾ എല്ലാം രാത്രി ഒൻപത് മണിയ്ക്ക് അടയ്ക്കണം , സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകരുത് , വിവാഹ – ഉത്സവ – മരണാനന്തര ചടങ്ങുകളിലും കർശന നിയന്ത്രണങ്ങളുണ്ട്.
ഈ സാഹചര്യത്തിലാണ് മെയ് രണ്ടിലെ വോട്ടെണ്ണൽ വരുന്നത്. അന്ന് സ്വാഭാവികമായും നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുമെന്നാണ് ആശങ്ക ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഏ.കെ ശ്രീകുമാർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഏ.കെ ശ്രീകുമാറിന് വേണ്ടി അഡ്വ.രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരാകും.