പ്രചരണത്തിനിടയിൽ ഓൺലൈൻ ക്ലാസിന്റെ ദുരിതം കണ്ടറിഞ്ഞു ; അഭിരാമിയ്ക്ക് സമ്മാനവുമായി നടൻ കൃഷ്ണകുമാർ എത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കാണുന്ന വോട്ടർമാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നൽകുന്ന വാഗ്ദാനങ്ങളും വോട്ടെടുപ്പ് കഴിഞ്ഞാൽ മറന്നുപോകുന്നവരാണ് അധികവും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാവുകയാണ് നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ.
തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അഭിരാമിയുടെ ദുരിതവാർത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് കൃഷ്ണകുമാറിന്റെ ചെവിയിലെത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അഭിരാമിയുടെ ഓൺലൈൻ ക്ലാസിന്റെ കഷ്ടപ്പാടിന് പരിഹാരമാകുന്ന സമ്മാനവുമായാണ് അദ്ദേഹമെത്തിയത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിരാമിക്ക് ഓൺലൈൻ ക്ലാസ്സിനായി ഒരു സ്മാർട്ട് ഫോണാണ് കൃഷ്ണകുമാർ സമ്മാനമായി നൽകിയത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഭിരാമി. ശ്രീവരാഹം പറമ്പിൽ ലെയ്‌നിലെ ഒറ്റമുറി വാടകവീട്ടിലാണ് അഭിരാമിയും അമ്മൂമ്മ ലതയും താമസിക്കുന്നത്.
ലതയുടെ മകൾ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിച്ച് പോയതോടെ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ലത വീട്ടുജോലിയ്ക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം പോറ്റിയിരുന്നത്.
എന്നാൽ ലതയ്ക്ക് അടുത്തിടെ കൈക്ക് പരിക്കേറ്റതോടെ ജോലി മുടങ്ങി . അഭിരാമിയുടെ ക്ലാസുകൾ ഓൺലൈൻ ആയതോടെ ഫോൺ ആവശ്യമായി വന്നു.എന്നാൽ വാങ്ങിനൽകാൻ പണവുമുണ്ടായില്ല .
ഈ ദുരിതം കണ്ടറിഞ്ഞതോടെയാണ് പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി സ്മാർട്ട്‌ഫോൺ എത്തിച്ചതെന്ന് കൃഷ്ണകുമാർ പറയുന്നു.