Thursday, April 23, 2026

മൂന്നരവയസുകാരി നേരിട്ടത് സമാനതകളില്ലാത്ത മൃഗീയ പീഡനം : കുഞ്ഞിന്റെ രഹസ്യഭാഗത്തെ പരുക്ക് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്ന മാതാപിതാക്കളുടെ വാദം പച്ചക്കള്ളം ; മുറിവ് ഉണ്ടായത് കത്തിയുടെ പിടി കുത്തിക്കയറ്റിയത് മൂലമെന്ന് കുഞ്ഞിന്റെ ശബ്ദരേഖ : സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പീഡനത്തെ തുടർന്ന് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശിയായ മൂന്നരവയസുകാരി നേരിട്ടത് കൊടിയ പീഡനങ്ങൾ.

ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ശബ്ദരേഖ ഡോക്ടർമാർ പൊലീസിന് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ രഹസ്യഭാഗത്തെ മുറിവ് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ നേരത്തെ സംഭവിച്ച പൊട്ടലുകളും മുറിവുകളും മെഡിക്കൽ ബോർഡ് കണ്ടെത്തി. ഒപ്പം കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായി ശരീരത്തിലെ പോഷകാഹാരത്തോത് സൂചിപ്പിക്കുന്നു. 10 കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.

മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അച്ഛനെയും രണ്ടാനമ്മയെയും വീണ്ടും വിശദമായി ചോദ്യം ചെയ്യും. കുഞ്ഞിന്റെ പ്രായം കണ്ടെത്തുന്നതിനു നടത്തിയ അസ്ഥി പരിശോധനയിൽ കൈ, തുടയെല്ല് എന്നിവിടങ്ങളിൽ പൊട്ടലുകൾ കണ്ടെത്തിയിരുന്നു. ഇതോടെ കുഞ്ഞിന് വിശദമായ സ്‌കാനിങ് പരിശോധന നടത്തി.

കുഞ്ഞിന്റെ തലയോട്ടി, കൈ, കൈ വിരൽ, വാരിയെല്ല് എന്നിവയ്ക്കും പൊട്ടലുണ്ടെന്നും ബോധ്യപ്പെട്ടു. മിക്ക പരുക്കുകൾക്കും ചികിത്സ ലഭിച്ചിട്ടില്ല. ശരീരത്തിലുണ്ടായ പൊട്ടലുകളും ഒടിവുകളും തനിയെ മുറി കൂടിയ നിലയിലാണ്. കുഞ്ഞിന്റെ പ്രായം 3 വയസും 6 മാസവും ആണെന്നും മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ തെളിഞ്ഞു.

കുഞ്ഞിന്റെ കാലിലെ അസ്ഥിയിലുണ്ടായ പൊട്ടൽ കാല് ആരോ ബലമായി പിടിച്ച് പിരിക്കുമ്പോൾ ഉണ്ടാകുന്ന വിധമാണ്. മാനസിക വിഭ്രാന്തിയുള്ള ഒരാൾ കുഞ്ഞിനോട് കാട്ടുന്ന ക്രൂരതയ്ക്ക് സമാനമാണ് പരുക്കുകൾ എന്നാണ് കണ്ടെത്തൽ.

തുടയെല്ലിന്റെ പൊട്ടൽ ശുചിമുറിയിൽ തെന്നി വീണപ്പോൾ ഉണ്ടായതാണെന്നും ആയിരുന്നു അച്ഛനും രണ്ടാനമ്മയും പറഞ്ഞിരുന്നത്. ശരീരത്തെ പൊള്ളൽ ഉണങ്ങിയ പാട് വെളിച്ചെണ്ണ തെറിച്ച് വീണ് പൊള്ളിയതാണെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ അച്ഛനും രണ്ടാനമ്മയും പറഞ്ഞ വിധമുള്ള അപകടങ്ങളിൽ പറ്റിയ പരുക്കുകളല്ല കുഞ്ഞിന്റെ ശരീരത്തുള്ളതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ലൈംഗികമായി ദുരുപയോഗം നടന്നതായി പൂർണമായി തെളിഞ്ഞിട്ടില്ല. എന്നാൽ കുട്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡന സാധ്യതകളുണ്ട്. പീഡന സാധ്യത കണ്ടെത്തുന്നതിനു ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ പരിശോധന കൂടി വേണമെന്നു മെഡിക്കൽ ബോർഡ് നിർദേശിച്ചു.

എന്നാൽ കുഞ്ഞിന്റെ വയറിലെ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവ് ഭേദം ആകാതെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ എൻഡോസ്‌കോപ്പി പരിശോധന ചെയ്യാൻ കഴിയില്ല. അതുവരെ കുഞ്ഞിനെ ആശുപത്രിയിൽ തന്നെ കിടത്തി ചികിത്സിക്കുന്നതിനാണ് തീരുമാനം.

കുഞ്ഞിനോട് അതിക്രമം നടത്തിയിട്ടില്ലെന്നാണ് അച്ഛനും രണ്ടാനമ്മയും പറയുന്നത്. ഇവർ ഇരുവരുമാണു കുഞ്ഞിനൊപ്പം ആശുപത്രിയിലുള്ളത്. താൻ കോഴിക്കടയിൽ ദിവസവും ജോലിക്ക് പോകും അതിനാൽ പകൽ സമയം ഉണ്ടാകുന്ന കാര്യങ്ങൾ അറിയില്ല.

എന്നാൽ ഇതുവരെയും ആരെങ്കിലും ഉപദ്രവിച്ചതായി കുഞ്ഞ് പറഞ്ഞിട്ടില്ലെന്നും അച്ഛൻ പറഞ്ഞു. ഭാര്യ തന്നെയും ഈ മകളയും ഉപേക്ഷിച്ചിട്ടു പോയപ്പോഴാണ് രണ്ടാം വിവാഹം കഴിച്ചത്. ഈ യുവതിയാണ് ഇപ്പോൾ കുഞ്ഞിനൊപ്പം ഉള്ളത്. ഇവർ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടില്ലെന്നും അച്ഛൻ പറയുന്നു. എന്നാൽ വീട്ടിൽ വന്ന് രാത്രി തങ്ങുന്ന ബന്ധുവിനെ സംശയമുണ്ടെന്നാണ് രണ്ടാനമ്മയുടെ വാദം.

വയറുവേദനയും ഛർദിയും മൂലമാണ് കുഞ്ഞിനെ കുട്ടികളുടെ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മലാശയവും വൻകുടലും ചേരുന്ന ഭാഗത്തെ പൊട്ടൽ കണ്ടെത്തി.

പൊട്ടലുള്ള ഭാഗത്ത് പഴുപ്പ് കയറിയ നിലയിലായിരുന്നു, കുഞ്ഞിന്റെ രഹസ്യ ഭാഗത്തെയും ശരീരത്തിലെയും പരുക്കുകൾ ക്രൂരമായ ലൈംഗിക പീഡനത്തിനു സമാനമാണെന്ന് കണ്ടെത്തിയതോടെയാണ് ഈ വിവരം ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയത്.

കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ടാലും തുടർ നടപടികൾക്ക് ശിശുക്ഷേമ സമിതി , ചൈൽഡ് ലൈൻ, പൊലീസ് എന്നിവരുടെ അഭിപ്രായം കൂടി തേടുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി. സവിത പറഞ്ഞു.