കോവിഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു; വാക്‌സിനേഷന്‍ മുടങ്ങും; തിരുവനന്തപുരത്ത് പ്രതിസന്ധി രൂക്ഷം; മറ്റ് ജില്ലകളിലെയും വാക്‌സിന്‍ സ്റ്റോക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തീരും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ പുതിയ സ്റ്റോക്ക് വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ മുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റ് ജില്ലകളിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രയില്‍ വാക്‌സിന്‍ ശേഷിക്കുന്നത് 1.2 ദിവസത്തേക്കുമാത്രമാണ്. ബീഹാറില്‍ 1.6 ദിവസത്തേക്കും ഉത്തരാഖണ്ഡില്‍ 2.9 ദിവസത്തേക്കും ഒഡിഷയില്‍ 4.4 ദിവസത്തേക്കും മാത്രം ശേഷിക്കുന്നു. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 11.14 കോടി ഡോസ് വാക്‌സിനാണ്. ഇതില്‍ 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി ഡോസ്. പ്രതിദിനം 36 ലക്ഷം ഡോസ് കുത്തിവയ്ക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും അധികം രോഗികളുള്ള മഹാരാഷ്ട്രയിലെ പല ജില്ലയിലും വാക്‌സിന്‍ വിതരണം നിര്‍ത്തി. അടിയന്തരമായി 30 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഒഡീഷയിലും പലയിടത്തും വാക്‌സിന്‍കേന്ദ്രങ്ങള്‍ അടച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്‌സിന്‍മാത്രമാണ്.
വാക്‌സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച് മരുന്ന് കമ്പനികള്‍ രംഗത്ത് വന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ പ്രതിമാസ ഉല്‍പാദനം 70 മില്യണ്‍ ഡോസില്‍നിന്ന് 100 മില്യണ്‍ ഡോസ് ആക്കി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം ഡോസുള്ള പ്രതിമാസ ഉത്പാദനം അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി.