സ്വന്തം ലേഖകൻ
കോട്ടയം: തലയോലപ്പറമ്പിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. കാറിനുള്ളിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേർത്തല വാരണം മറ്റത്തിൽ പവിത്ര (23) യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് നിവിൻ ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ തലയോലപ്പറമ്പ് നൈസ് തീയറ്ററിനു സമീപമായിരുന്നു അപകടം. വൈക്കം കടുത്തുരുത്തി കോരിക്കൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന കൈരളി എന്ന സ്വകാര്യ ബസാണ് ഇരുവരും സഞ്ചരിച്ച കാറിൽ ഇടിച്ചത്.
കഴിഞ്ഞ ദിവസം മാത്രമാണ് നിവിൻ വിദേശത്തു നിന്നും അവധിക്കായി നാട്ടിലെത്തിയത്. ഇതിനു ശേഷം സ്വിഫ്റ്റ് ഡിസയർ കാറിൽ തലയോലപ്പറമ്പ് ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവരുവരും. എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നു. കാർ വലത്തേയ്ക്ക് വെട്ടിക്കുന്നതിനിടെ എത്തിയ ബസ് ഇടിച്ചു കയറുകയായിരുന്നു. പവിത്ര ഇരുന്ന ഭാഗത്താണ് ഇടിയുടെ ആഘാതം കൂടുതലായി ഏറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ പവിത്രയെ ആദ്യം താലൂക്ക് ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ, അ്‌പ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
അപകടത്തിൽ സ്വകാര്യ ബസ് യാത്രക്കാരായ 13 പേർക്കും പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാരായ മിനി ആയാംകുടി, അന്നമ്മ വാലാച്ചിറ ,ഭവാനി എഴുമാം തുരുത്ത്,അഭിലാഷ്, വിദ്യാ, ഷീല ചെമ്മനക്കര, മണിക്കുട്ടി, ശ്യാമള എഴു മാം തുരുത്ത്, പ്രസന്ന, ശാന്ത, ലാലു കോരിക്കൽ എന്നിവർക്കാണ് പരിക്ക്. ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.