പാലാ നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ; കൗൺസിൽ യോഗത്തിനിടയിൽ സംഘർഷമുണ്ടായത് സി.പി.എം -കേരളാ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ : വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: പാലാ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടയിൽ സിപിഐ എം – കേരള കോൺഗ്രസ് എം അംഗങ്ങൾ തമ്മിൽ വാക്കേറ്റവും തമ്മിൽത്തല്ലും. ഭരണപക്ഷ കൗൺസിലർമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ സിപിഐഎം അംഗങ്ങൾക്ക് പരിക്ക്. സിപിഐഎം അംഗമായ ബിനു പുളിക്കകണ്ടത്തിനും കേരള കോൺഗ്രസിന്റെ ബൈജു കൊല്ലം പറമ്പിലിനുമാണ് പരിക്കേറ്റത്.
സംഘർഷത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. വലിയ ബഹളവും തമ്മിലടിയുമാണ് കൗൺസിൽ യോഗത്തിലുണ്ടായത്. കേരള കോൺഗ്രസ് എം-സിപിഐഎം സഖ്യമാണ് നഗരസഭ ഭരിക്കുന്നത്. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാർട്ടികളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സ്റ്റാൻഡിങ് കമ്മറ്റി ചേരുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നേരത്തെതന്നെയുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് നഗരാസഭാ കൗൺസിൽ യോഗം ചേർന്നപ്പോൾ സ്റ്റാൻഡിങ്ങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനെ എതിർത്ത് കേരള കോൺഗ്രസിന്റെ ബൈജു കൊല്ലംപറമ്പിൽ രംഗത്തെത്തുകയും ചെയ്തു.
ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. ആദ്യം ബൈജുവിനെ ബിനുവിനെ തള്ളിയിട്ടു. പിന്നീട് പിന്നിലൂടെ വന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇരുവിഭാഗത്തെയും കൗൺസിലർമാർ ചേരിതിരിഞ്ഞ് വെല്ലുവിളികളും ഭീഷണികളും ഉയർത്തുകയും ചെയ്തു.
ഇതോടെ, കൗൺസിൽ പിരിച്ചുവിടുകയാണെന്ന് ചെയർമാൻ അറിയിച്ചു. പിരിഞ്ഞുപോവുകയായിരുന്ന ബൈജുവിനെ ബിനു പുറകിലൂടെയെത്തി വീണ്ടും മർദ്ദിച്ചുവെന്നാണ് ആരോപണം. നിലത്തുവീണ ബൈജു നിലവിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ പാലായിൽത്തന്നെ സിപിഐഎമ്മും കേരള കോൺഗ്രസ് എമ്മും ഭിന്ന ചേരികളിലാവുന്നത് ഇടതുപക്ഷത്തെ ത്രിശങ്കുവിലാക്കുന്നുണ്ട്.