play-sharp-fill
നടന്ന് കയറി വന്ന ഗർഭിണിയെ തിരികെ അയച്ചത് പെട്ടിക്കകത്താക്കി;  പാലാ മരിയൻ ആശുപത്രിയിൽ നടന്നത് കൊലപാതകം; തെള്ളകം മിറ്റേര ആശുപത്രിയില്‍ നാല് വര്‍ഷത്തിനിടെ മരിച്ചത് അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേര്‍; പരാതികള്‍ ഉയര്‍ന്നിട്ടും ഒരു ഡോക്ടര്‍ പോലും ശിക്ഷിക്കപ്പെട്ടില്ല; തിരിച്ചറിയുക, മെഡിക്കല്‍ നെഗ്‌ളിജന്‍സ് വെറും കയ്യബദ്ധമല്ല, ശിക്ഷ ലഭിക്കേണ്ട ഗുരുതര കുറ്റകൃത്യം

നടന്ന് കയറി വന്ന ഗർഭിണിയെ തിരികെ അയച്ചത് പെട്ടിക്കകത്താക്കി; പാലാ മരിയൻ ആശുപത്രിയിൽ നടന്നത് കൊലപാതകം; തെള്ളകം മിറ്റേര ആശുപത്രിയില്‍ നാല് വര്‍ഷത്തിനിടെ മരിച്ചത് അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേര്‍; പരാതികള്‍ ഉയര്‍ന്നിട്ടും ഒരു ഡോക്ടര്‍ പോലും ശിക്ഷിക്കപ്പെട്ടില്ല; തിരിച്ചറിയുക, മെഡിക്കല്‍ നെഗ്‌ളിജന്‍സ് വെറും കയ്യബദ്ധമല്ല, ശിക്ഷ ലഭിക്കേണ്ട ഗുരുതര കുറ്റകൃത്യം

സ്വന്തം ലേഖകന്‍

കോട്ടയം: പാലാ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഗര്‍ഭിണി മരിച്ച സംഭംവം കഴിഞ്ഞ ദിവസം തേര്‍ഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. അധികൃതരും മുഖ്യധാരാ മാധ്യമങ്ങളും മനഃപ്പൂര്‍വ്വം മൂടിവച്ച സംഭവത്തിന് ഇപ്പോഴും അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ല. പാലാ മേവട സ്വദേശിനി അഹല്യ(26)ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം  ജീവന്‍ ബലി നല്‍കേണ്ടി വന്നത്.

പാലാ മരിയന്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. ഷീനയാണ് അഹല്യയെ പരിശോധിച്ചിരുന്നത്. ഗര്‍ഭിണി ആണെന്ന് ഉറപ്പ് വരുത്തിയിട്ടും ഗര്‍ഭം യൂട്രസിലാണോ ട്യൂബിലാണോ എന്ന് ഉറപ്പിക്കാന്‍ ഡോക്ടര്‍ക്ക് കഴിയാഞ്ഞിടത്ത് നിന്നും കൈപ്പിഴകളുടെ ഘോഷയാത്ര തുടങ്ങുകയായിരുന്നു. ഒന്നും രണ്ടുമല്ല, അഞ്ച് തവണയാണ് അഹല്യക്ക് സ്‌കാനിങ്ങ് നടത്തിയത്. രക്തസ്രാവം ഉണ്ടായപ്പോള്‍ ഡോക്ടറെ അറിയിച്ചെങ്കിലും യൂട്രസിനുള്ളില്‍ തന്നെയായത് കൊണ്ട് പേടിക്കണ്ട, ഓപ്പറേഷന്‍ ഒഴിവാക്കാമല്ലോ, ബ്ലീഡിംഗ് തനിയെ നിന്നോളും എന്നാണ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നില വഷളായപ്പോള്‍ കീ ഹോള്‍ ഓപ്പറേഷന്‍ ചെയ്യാമെന്ന്  ബന്ധുക്കളെ വിവരം ധരിപ്പിച്ച ഡോക്ടര്‍ ഷീന ഓപ്പറേഷന്‍ റൂമിലേക്ക് പോയി. ബി പി കുറഞ്ഞ് പോയത് കാരണം കീഹോള്‍ സര്‍ജറി ചെയ്യാന്‍ സാധിച്ചില്ല, ഓപ്പണ്‍ സര്‍ജറി വേണ്ടി വന്നു എന്നാണ് പിന്നീട്  ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച വെളുപ്പിനെ ഒരുമണിയോടെ അഹല്യക്ക് ജീവന്‍ നഷ്ടമായി.

പാലാ മരിയന്‍ ആശുപത്രിയിൽ നിന്നും പുറത്ത് വരുന്ന ആദ്യത്തെ സംഭവം ഇതാണെങ്കില്‍ തെള്ളകം മിറ്റേര ആശുപത്രി അമ്മമാരെയും നവജാത ശിശുക്കളെയും കൊന്ന് തള്ളി അറപ്പ് മാറിയവരാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മിറ്റേര ആശുപത്രിയില്‍ മരിച്ചത് അമ്മമാരും നവജാത ശിശുക്കളുമടക്കം 18 പേരാണ്. സംസ്ഥാന ശരാശരിയേക്കാള്‍ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയില്‍ ഒരു വര്‍ഷം നടക്കുന്ന ദുരൂഹ മരണങ്ങള്‍. വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും നിലവാരമില്ലാത്ത ചികിത്സയാണ് ഇതിനെല്ലാം കാരണം എന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും.

തെള്ളകത്ത് അമ്മയുടെയും കുഞ്ഞിന്റെയും സ്പെഷ്യാലിറ്റി എന്ന പേരിലാണ് മിറ്റേര ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഏറെ പ്രതീക്ഷയോടെയാണ് ആശുപത്രിയെ കണ്ടിരുന്നത്. എന്നാല്‍, ആശുപത്രി കൊലക്കളമാകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും ഇവിടെ നിന്നും പുറത്തു വരുന്നത്. സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലും ഇല്ലാത്ത രീതിയിലുള്ള മരണനിരക്ക് സംഭവിച്ചിട്ടും മിറ്റേര ആശുപത്രിക്കെതിരെ നടപടി എടുക്കാത്തതാണ് പാലാ മരിയന്‍ ആശുപത്രിക്കും വളമാകുന്നത്.

മെഡിക്കല്‍ നെഗ്ളിജന്‍സ് കേസുകള്‍ അന്വേഷിക്കേണ്ടത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. എന്നാല്‍, ഇത്തരം മരണങ്ങളില്‍ ഒന്നില്‍ പോലും മെഡിക്കല്‍ ബോര്‍ഡിന്റെയോ ഡോക്ടര്‍മാരുടെയോ സഹകരണം പൊലീസിനു ലഭിക്കാറില്ല. അതുകൊണ്ടു തന്നെ അന്വേഷണം പലപ്പോഴും പാതിവഴിയില്‍ നിന്ന് പോകുന്ന കാഴ്ചയാണ് കാണുന്നത്. ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും പിഴവിനെ തുടര്‍ന്നാണ് ആശുപത്രിയിലുണ്ടായ മരണങ്ങളില്‍ 90 ശതമാനവും. എന്നാല്‍, ഈ പരാതികളില്‍ ഒന്നില്‍ പോലും ഇതുവരെയും ഒരു ഡോക്ടറും പ്രതിയാക്കപ്പെട്ടിട്ടുമില്ല.

മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍ ജീവനെടുക്കുന്ന കൊലയാളികളാവുന്ന കാഴ്ചയാണ് പാലാ മരിയന്‍ ആശുപത്രിയിലും തെള്ളകം മിറ്റേര ആശുപത്രിയിലും കാണുന്നത്. എല്ലാ മരണങ്ങളിലും ബന്ധുക്കള്‍ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും ഒരു കേസില്‍ പോലും ആശുപത്രികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.