അഞ്ജുവിന്റെയും അരുണിന്റെയും കോളജ് പ്രണയം വിവാഹത്തിലെത്തിച്ചത് സുഹൃത്തിന്റെ നേതൃത്വത്തിൽ ; കാമുകിയെ അരുൺ സ്വന്തമാക്കിയത് 18 തികയും മുൻപ് ; ഒടുവിൽ ഭർത്താവിന്റെ കൂട്ടുകാരനുമൊത്ത് ജീവിക്കാൻ മോഹം : അരുണിന്റെ ജീവനെടുക്കാൻ കത്തി എടുത്ത് ശ്രീജുവിന് നൽകിയതും അഞ്ജു ; യുവതിയുടെ കണ്ണിൽചോരയില്ലാത്ത ക്രൂരതയ്ക്ക് മുൻപിൽ വിറങ്ങലിച്ച് ആര്യനാട് ഗ്രാമം
സ്വന്തം ലേഖകൻ
ആര്യനാട്: നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ അരുണിന്റെ മരണത്തിന്റെ നടുക്കത്തിലാണ് ഒരു ഗ്രാമം. അരുണിന്റെ കൊലപാതകത്തിന് കാരണമായതാവട്ടെ ഭാര്യയുടെ പക. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ അരുണിന്റെ ഭാര്യ അഞ്ജു (27),കാമുകനും അരുണിന്റെ സുഹൃത്തുമായ ആനാട് ചന്ദ്രമംഗലം എസ്.എസ്.നിവാസിൽ ശ്രീജു (ഉണ്ണി36) എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
അരുണും ശ്രീജുവും തമ്മിലുള്ള കൈയാങ്കളിക്കിടെ കൊല നടക്കുകയായിരുന്നു. അതിനിടെ ശ്രീജുവിന്റെ കൈയിലുണ്ടായിരുന്ന കത്തി നിലത്തുവീണു. താഴെ വീണ കത്തി അഞ്ജുവാണ് ശ്രീജുവിന് എടുത്തുകൊടുത്തത്. തുടർന്ന് ശ്രീജു അരുണിനെ കുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കുത്താണ് മരണ കാരണമായത്. ശ്രീജുവുള്ളപ്പോൾ ഭർത്താവ് എത്തുമെന്നും പ്രശ്‌നമാകുമെന്നും അഞ്ജു തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ശ്രീജു കൈയിൽ കത്തി കരുതിയിരുന്നത്. ഇതാണ് കൊലപാതകത്തിന് വഴിവച്ചത്.
10 വർഷം മുൻപ് കോളേജിൽ പഠിക്കുകയായിരുന്ന അഞ്ജുവിനെ പ്രേമിച്ചാണ് അരുൺ വിവാഹംകഴിച്ചത്. അരുണിന്റെ സുഹൃത്ത് ലോറി ഡ്രൈവറായ ശ്രീജുവുമായി അഞ്ജു നാലു വർഷമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ അരുണും ശ്രീജുവുമായി വഴക്കുണ്ടാവുകയും ആനാട് നിന്ന് അഞ്ജു തന്റെ വലിയമ്മ സരോജത്തിന്റെ വീടായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിൽ താമസമാക്കുകയും ചെയ്തു. ശ്രീജുവുമായുള്ള ബന്ധം ഇല്ലാതാകുമെന്ന് അരുണും പ്രതീക്ഷിച്ചു. അരുൺ ഇടയ്ക്കിടെ അവിടെ എത്തി മകളെ കാണുകയും മകളായ ശിഖയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനിടെ ശ്രീജുവും അഞ്ജുവും അടുത്ത ബന്ധം തുടർന്നു. ശ്രീജുവുമായി ബന്ധം ഉണ്ടെന്നതിനെച്ചൊല്ലി ദിവസങ്ങൾക്ക് മുൻപും അഞ്ജുവും അരുണും തമ്മിൽ വഴക്കുണ്ടായി. കുളപ്പടയിലെ വീട്ടിൽ ശ്രീജു എത്തുന്നതിനെച്ചൊല്ലിയും അരുൺ നിരവധി തവണ അഞ്ജുവിനെ വഴക്കുപറഞ്ഞിരുന്നു. എന്നാൽ കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താത്പര്യമെന്ന നിലയിലായിരുന്നു അഞ്ജു. സമ്മതിക്കില്ലെന്ന് അരുൺ പറയുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ കുളപ്പടയിലെത്തിയ അരുൺ അഞ്ജുവിന്റെ വീട്ടിലുണ്ടായിരുന്ന ശ്രീജുവിനെ കാണുകയും ഇവർ തമ്മിൽ അടിയാവുകയുമായിരുന്നു. ഇതിനിടെയായിരുന്നു അരുണിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ പ്രദേശവാസികൾ ആര്യനാട് ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു മരിച്ചിരുന്നു.
അരുണിന്റെ നെഞ്ചിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു. സംഘർഷത്തിനിടെ ശ്രീജുവിന്റെ വലതുകൈയ്ക്കും പരിക്കേറ്റു.