ജടായു പാറയിലെ റോപ് വേയും പക്ഷിശിൽപവും ടൂറിസത്തിന് പുത്തൻ ഉണർവേകും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: കേരളാ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ ചടയമംഗലത്ത് അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തനമാരംഭിച്ച ജടായു എർത്ത്‌സ് സെന്ററിലൂടെ സാധിക്കുമെന്ന് ജടായു എർത്ത്‌സ് സെന്റർ സന്ദർശനത്തിനിടെ
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്വിറ്റ്‌സർലാന്റിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്ത കേബിൾ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശിൽപ്പവും ടൂറിസ്റ്റുകൾക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ഹെലികോപ്ടർ ലോക്കൽ ഫ്‌ളൈയിംഗ് ഏർപ്പെടുത്തുന്ന ടൂറിസ്റ്റ് കേന്ദ്രമെന്ന പ്രത്യേകതയും ജടായു എർത്ത്‌സ് സെന്ററിന് അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. തെന്മല ഇക്കോ ടൂറിസം കേന്ദ്രവും, ശബരിമല തീർത്ഥാടന കേന്ദ്രവുമെല്ലാമായി ബന്ധിപ്പിക്കുന്ന ഹെലികോപ്ടർ സർവീസ് ജടായു എർത്ത്‌സ് സെന്ററിൽ നിന്ന് ആരംഭിക്കാനാകും. ജടായു അടക്കമുള്ള പുതിയ ടൂറിസം ഉത്പന്നങ്ങളും, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളും കേരള ടൂറിസത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണ പരിപാടികളിൽ ഉപയോഗിക്കും. കഴിഞ്ഞ മാസം ജനങ്ങൾക്കായി ഉദ്ഘാടനം കൂടാതെ തുറന്നു നൽകിയ ജടായു എർത്ത്‌സ് സെന്റർ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ സഞ്ചാരികളുടെ ഇഷ്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഒരു പതിറ്റാണ്ടിലേറേ കാലം ജടായു ശിൽപ്പ നിർമ്മാണത്തിനും, ടൂറിസം കേന്ദ്രം സജ്ജമാക്കുന്നതിനുമായി ശ്രദ്ധ കേന്ദ്രീകരിച്ച ശിൽപ്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലിനെ കേരള ജനതയ്ക്ക് വേണ്ടി അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.