
ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച് ഉറ്റ സുഹൃത്ത് വിമതനായി പുതുപ്പള്ളിയില്‍; സുന്ദരന്‍ നാടാര്‍ മുതല്‍ ലതികാ സുഭാഷ് വരെ നീളുന്ന വിമതന്മാരുടെ പട്ടിക; വെല്ലുവിളികള്‍ക്കൊടുവില്‍ വിജയക്കൊടി പാറിച്ചവരും പെട്ടിതുറന്നപ്പോള്‍ എട്ട് നിലയില്‍ പൊട്ടിയവരും; കേരളത്തിന്റെ വിമതചരിത്രം
സ്വന്തം ലേഖകന്‍
കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുന്നണികളിലും അപസ്വരങ്ങള്‍ കേള്‍ക്കാറുണ്ട്. 1980തുകളില്‍ മുന്നണി രാഷ്ട്രീയം ഉണ്ടായ ശേഷം എല്ലാവരേയും വെല്ലുവിളിച്ച് ജയിച്ചവരാണ് പാറശ്ശാലയിലെ സുന്ദരന്‍ നാടാരും, കഴക്കൂട്ടത്തെ എംഎ വാഹിദും.
പാറശ്ശാലയിലെ കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായിരുന്നു സുന്ദരന്‍ നാടാര്‍. 1996ല്‍ രഘുചന്ദ്രബാലിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് സുന്ദരന്‍ നാടാരെ അസ്വസ്ഥനാക്കി. അങ്ങനെ സുന്ദരന്‍ നാടാര്‍ വിമതനായി. മത്സരിച്ച് ജയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിന്റെ ഭാഗമായി. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിഹ്നത്തിലായിരുന്നു മത്സരം. അപ്പോഴും ജയിച്ചു. ഡെപ്യൂട്ടി സ്പീക്കറുമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2001ല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി വലിയ പ്രതിഷേധമുണ്ടായി. നിശ്ചയിച്ച മൂന്നു സ്ഥാനാര്‍ത്ഥികളെ മാറ്റേണ്ടിവന്നു. ആറന്മുളയില്‍ ശിവദാസന്‍ നായര്‍ക്കു പകരം മാലേത്ത് സരളാദേവിയും വടക്കേക്കരയില്‍ കെ.പി.ധനപാലനു പകരം എം.എ.ചന്ദ്രശേഖരനും പേരാവൂരില്‍ നൂറുദ്ദീനു പകരം എ.ഡി.മുസ്തഫയും സ്ഥാനാര്‍ത്ഥികളായി. പ്രതിഷേധങ്ങളുണ്ടായെങ്കിലും മൂന്നുപേരും വിജയിച്ചു. 2001ല്‍ തന്നെ കോണ്‍ഗ്രസ് നേതാവ് എം.എ.വാഹിദ് കഴക്കൂട്ടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ബിന്ദു ഉമ്മറായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. ലീഗിന്റെ സ്ഥാനാര്‍ത്ഥി മുഹമ്മദലി നിഷാദ്. 4293 വോട്ടിനു വിജയിച്ച് വാഹിദ് സ്വന്തം പാര്‍ട്ടിക്കാരെയും എതിരാളികളെയും ഞെട്ടിച്ചു.
2006ല്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് തിരുവനന്തപുരം വെസ്റ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ശോഭനാ ജോര്‍ജിനെതിരെ മത്സരിച്ചു. മത്സരത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ വി.സുരേന്ദ്രന്‍പിള്ള 13,233 വോട്ടിനു വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച ശരത്ചന്ദ്രപ്രസാദ് 10,059 വോട്ട് ബിജെപി പിന്തുണയോടെ നേടി.
എ ഗ്രൂപ്പില്‍ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും ഒപ്പം പ്രധാനിയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. തുടര്‍ച്ചയായി രണ്ടു തവണ എംഎല്‍എയായവര്‍ മാറിനില്‍ക്കണമെന്നു 2001ല്‍ ചെറിയാന്‍ ഫിലിപ്പ് ആവശ്യമുന്നയിച്ചതോടെ കോണ്‍ഗ്രസിന്റെ കണ്ണില്‍ക്കരടായി. ഈ പ്രതിഷേധം പാര്‍ട്ടി മുഖവിലയ്ക്കെടുത്തുമില്ല. തിരുവനന്തപുരം വെസ്റ്റ് എന്ന പഴയ മണ്ഡലത്തില്‍ മത്സരിക്കാന്‍ ചെറിയാന്‍ ഫിലപ്പിന് സീറ്റ് കൊടുത്തില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് കാര്യം നിസ്സാരമല്ലെന്ന് മുന്നണി മനസ്സിലാക്കിയത്. എല്‍ഡിഎഫ് ചെറിയാനെ പിന്തുണച്ചെങ്കിലും 12,575 വോട്ടിന് ഉമ്മന്‍ ചാണ്ടി വിജയിച്ചു. പക്ഷേ പിന്നീടൊരിക്കലും സിപിഎം തട്ടകം വിട്ട് ചെറിയാന്‍ ഫിലിപ്പ് പോയില്ല.
ചെറിയാന്‍ ഫിലിപ്പിന്റേതിന് സമാനമാണ് ഇപ്പോള്‍ ലതികാ സുഭാഷിന്റെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തയായിരുന്നു ലതികാ സുഭാഷിന് ഏറ്റുമാനൂരില്‍ മത്സരിക്കണമെന്നതായിരുന്നു മോഹം. എന്നാല്‍ കേരളാ കോണ്‍ഗ്രസിന് ബലി നല്‍കിയ സീറ്റായി ഏറ്റുമാനൂര്‍ മാറി. പ്രിന്‍സ് ലൂക്കോസ് സ്ഥാനാര്‍ത്ഥിയുമായി. ഇതോടെ ഏറ്റുമാനൂരില്‍ തന്നെ സ്വതന്ത്രയാകുകയാണ് ലതികാ സുഭാഷ്. പക്ഷേ, ചെറിയാന്‍ ഫിലിപ്പിന്റെ അവസ്ഥ ലതികയ്ക്ക് വരില്ലെന്നാണ് അണികള്‍ അടിയുറച്ച് വിശ്വസിക്കുന്നത്.