
ഒറ്റയ്‌ക്കൊരു പാർട്ടിയാകാൻ ‘ആരോഗ്യവും സമയവുമില്ല’: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമായി ചിഹ്നം ലഭിക്കാൻ പി.സി തോമസിനെ ഒപ്പം കൂട്ടി പി.ജെ ജോസഫ്; ഇന്നലെ വരെ ബി.ജെ.പിയായിരുന്ന തോമസ് സൈക്കിളുമായി ഇന്ന് യു.ഡി.എഫിലെത്തും
സ്വന്തം ലേഖകൻ
കോട്ടയം: ഒറ്റയ്‌ക്കൊരു പാർട്ടിയാകാൻ ‘ആരോഗ്യവും സമയവും’ ഇല്ലാത്തതിനാൽ ഇന്നലെ ബി.ജെ.പിയുടെ ഭാഗമായിരുന്ന പി.സി തോമസിന്റെ കേരള കോൺഗ്രസിനെ വിഴുങ്ങി പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് ചിഹ്നം സംഘടിപ്പിക്കുന്നു. കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കത്തിൽ സുപ്രീം കോടതി വിധിയിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് അനുകൂല വിധി ലഭിച്ചതോടെ, പി.ജെ ജോസഫിന് പാർട്ടിയും ചിഹ്നവുമില്ലാത്ത സ്ഥിതിയായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒൻപത് സ്ഥാനാർത്ഥികളാണ് പി.ജെ ജോസഫ് വിഭാഗത്തിന്റെ ഭാഗമായി മത്സരിക്കുന്നത്. ഇവരിൽ ഒരാൾക്കും ഏകീകൃത ചിഹ്നം ഉണ്ടാകാത്ത അവസ്ഥയാണ് ഇപ്പോൾ. സുപ്രീം കോടതി വിധിയിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നവും പാർട്ടിയും അനുവദിച്ചാണ് ഉത്തരവ് ലഭിച്ചത്. ഇത് ജോസഫിനു വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജോസഫ് രാഷ്ട്രീയമായി ഒറ്റപ്പെടുകയും ചെയ്തിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയും ചിഹ്നവും നഷ്ടമായ സാഹചര്യത്തിൽ ആദ്യം ജോസഫ് ആലോചിച്ചത് പാർട്ടി സ്ഥാനാർത്ഥികൾക്കെല്ലാം ചെണ്ടയെന്ന സ്വതന്ത്രചിഹ്നം നേടിയെടുക്കാനായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ ചെണ്ട ചിഹ്നം നൽകാൻ ആദ്യം തയ്യാറായില്ല. ഇതേ തുടർന്നു ജോസഫ് ചില രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി ലയിച്ച് ചിഹ്നം നേടുന്നതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായാണ് കഴിഞ്ഞ ദിവസം വരെ ബി.ജെ.പി എൻ.ഡി.എ മുന്നണിയുടെ ഭാഗമായി നിന്നിരുന്ന പി.സി തോമസിനെയും ഒപ്പം കൂട്ടിയത്.
എൻ.ഡി.എ മുന്നണിയുടെ ഭാഗമായി പാലായിലോ, കടുത്തുരുത്തിയിലോ പി.സി തോമസ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാർത്തകൾ. എന്നാൽ, അപ്രതീക്ഷിതമായി പി.സി തോമസ് എൻ.ഡി.എ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുറത്താകുകയായിരുന്നു. പി.സി തോമസ് എങ്ങിനെ പട്ടികയിൽ നിന്നും പുറത്തായി എന്ന് അന്വേഷിച്ചവർക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.