
നെൽക്കർഷകരുടെ പ്രതിഷേധ സമരം ശക്തം: നീണ്ടൂർ പാടശേഖരത്ത് കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി; ആശങ്കയോടെ കർഷകർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: നെൽകർഷകരുടെ പ്രതിഷേധ സമരം ശക്തമായിരിക്കവേ കല്ലറ നീണ്ടൂർ പാടശേഖരത്ത് കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ കൃഷിയിടത്തിലേക്കു പോയ കർഷകനെയാണ് പാടത്തിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈപ്പുഴ കവലയ്ക്കു സമീപം ചെരുവിൽ ജോസി (70)നെയാണ് ബുധനാഴ്ച രാത്രി ഒമ്പതോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പാടശേഖരത്തിലേക്കു പോയ ജോസിനെക്കുറിച്ച് വൈകിട്ടായിട്ടും വീട്ടുകാർക്ക് വിവരം ലഭിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു വൈകിട്ട് മകൻ റോബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ കർഷക സമരം അതിശക്തമായി നടക്കുകയാണ്. കർഷകർക്ക് നെല്ല് സംഭരിക്കുന്ന വിഷയത്തിൽ അടക്കം നിലവിൽ പ്രതിഷേധമുണ്ട്. ഈ പ്രതിഷേധങ്ങളെല്ലാം നടക്കുന്നതിനിടെ കർഷകനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത പടർന്നത് ആശങ്കയ്ക്കിടയാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവിടെ രണ്ടു കർഷകർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതാണ് ഇപ്പോൾ ആശങ്കയ്ക്ക് ഇടയാക്കിയത്.