play-sharp-fill
കോണ്‍ഗ്രസിന്റെ യുവസ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങി ജ്യോതി രാധികാ വിജയകുമാര്‍; രാഹുല്‍ ഗാന്ധിയുടെ സ്ഥിരം പരിഭാഷക ചെങ്ങന്നൂരിലോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍; വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന അച്ഛന്റെ മകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി

കോണ്‍ഗ്രസിന്റെ യുവസ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങി ജ്യോതി രാധികാ വിജയകുമാര്‍; രാഹുല്‍ ഗാന്ധിയുടെ സ്ഥിരം പരിഭാഷക ചെങ്ങന്നൂരിലോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍; വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന അച്ഛന്റെ മകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി

സ്വന്തം ലേഖകന്‍

ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ ആശയം തെല്ലും ചോര്‍ന്ന് പോകാതെ സ്ഫുടതയോടെ അവതരിപ്പിക്കുന്ന പരിഭാഷകയാണ് ജ്യോതി രാധിക വിജയകുമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആ വൈറല്‍ പരിഭാഷകയെ കേരളം കണ്ടെത്തി, ഒന്നടങ്കം പ്രശംസിച്ചിട്ടുണ്ട്. ദേശീയ നേതാക്കന്മാരുടെ പ്രസംഗ പരിഭാഷ ചാനലുകളിലെ സറ്റയര്‍ പരിപാടികള്‍ക്ക് മാത്രം ഉപകാരപ്പെട്ടിരുന്ന കാലത്താണ്, ജ്യോതിയുടെ രംഗപ്രവേശം.

രാഹുല്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞ് ഓരോ വാക്കും അതിന്റെ വ്യാപ്തിയും സസൂക്ഷ്മം നിരീക്ഷിക്കുകയും മൗനമായി കേട്ട് നിന്ന് ഒരു തുണ്ടു പേപ്പറില്‍ അതൊക്കെ വളരെ വേഗത്തില്‍ കുറിക്കുകയും ചെയ്യും ജ്യോതി. പരിഭാഷകയുടെ വേഷമാണെന്ന് സ്വയം മറന്ന് പോകും പോലെ, രാഹുലിന്റെ ഓരോ പ്രഖ്യാപനങ്ങളും ആവേശത്തോടെ ജ്യോതി ജനങ്ങളിലേയ്ക്ക് എത്തിച്ചു. കൃത്യമായ പരിഭാഷ, മികവാര്‍ന്ന ഉച്ചാരണം, ആശയ വ്യക്തത എന്നിവ കൊണ്ട് രാഹുലിനൊപ്പം ജ്യോതിയും പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെന്നതാണ് സത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ വിവിധ വേദികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ജ്യോതി ശ്രദ്ധ നേടിയിരുന്നു. 2016 ല്‍ സോണിയ ഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതിയായിരുന്നു പരിഭാഷക. പ്രസംഗം കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. രാഹുല്‍ ഗാന്ധി തന്റെ ആശയങ്ങള്‍ പറഞ്ഞ് നിര്‍ത്തി ഒരു നിമിഷം പോലും വൈകിപ്പിക്കാതെ പരിഭാഷപ്പെടുത്തി വേദികളില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജ്യോതി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലോ വട്ടിയൂര്‍ക്കാവിലോ ജ്യോതി സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്. ജ്യോതി മത്സരിക്കാന്‍ ഇറങ്ങിയാല്‍ പ്രചരണത്തിന് രാഹുല്‍ തന്നെ മുന്നിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിഭാഷക എന്നതിലുപരി കോണ്‍ഗ്രസുമായി കാര്യമായ അടുപ്പം ജ്യോതിക്കുണ്ട്. അച്ഛന്‍ വിജയകുമാറും ചെങ്ങന്നൂരിലെ സജീവ കോണ്‍ഗ്രസ് നേതാവാണ്. ബൈഇലക്ഷനില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നു പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടിയ ജ്യോതി മാര്‍ ഇവാനിയോസ് കോളജിലെ ആദ്യ വനിതാ ചെയര്‍പഴ്സനായിരുന്നു.

തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ കെഎസ് യു പാനലില്‍ കൗണ്‍സിലറായും ജനറല്‍ സെക്രട്ടറിയായും ആദ്യ ചെയര്‍പേഴ്‌സണായും ജ്യോതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്നു ജേര്‍ണലിസം ഡിപ്ലോമ, ലോ അക്കാഡമിയില്‍ നിന്നു നിയമ ബിരുദവും നേടിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങളിലടക്കം ജ്യോതി മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അദ്ധ്യാപികയാണ്.