
സിംഗപ്പൂരിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: സിംഗപ്പൂരിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തിരുനൽവേലി പനഗുഡി പത്തിൽ റോസ്മിയപുരം നടുത്തെരുവിൽ സി.എസ്.ഐ പള്ളിയ്ക്കു സമീപം ടി.രാജനെ(നട്ട് രാജൻ -61)യാണ് വെസ്റ്റ് എസ്.ഐ കെ.പി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വേളൂർ മാളിയേക്കൽ വീട്ടിൽ സി.എ ഹംസയുടെ മകന് സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 80000 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇയാൾക്കു ജോലി ലഭിച്ചില്ല. ഇതേ തുടർന്നു ഇവർ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നൽകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോട്ടറി കച്ചവടക്കാരനായ രാജൻ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ലോട്ടറി കച്ചവടം നടത്തുന്നുണ്ട്. ഇതിനിടെ പരിചയപ്പെടുന്ന ആളുകളിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. തമിഴ്‌നാട്ടിലും ഇയാൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ തമിഴ്‌നാട്ടിലേയ്ക്കു കടന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു എ.സണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.