
ഒരാള്‍ സാരിയില്‍ കാല്‍വച്ച് ചവിട്ടിപ്പിടിച്ചു; മറ്റേയാള്‍ പഴ്‌സ് തട്ടിപ്പറിച്ച് ഓടി; കവര്‍ച്ചാസംഘത്തിലെ സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചത് യാത്രക്കാരിയുടെ മകള്‍;പിടിയിലായത് കോയമ്പത്തൂര്‍ ഒസാംപെട്ടി സ്വദേശിനികള്‍
സ്വന്തം ലേഖകന്‍
പത്തനാപുരം: ബസ് യാത്രക്കാരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.
കൊട്ടാരക്കരയില്‍ നിന്ന് പത്തനാപുരത്തേക്ക് വരികയായിരുന്നു ബസ്. ഡിപ്പോയിലെത്തി യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് കവര്‍ച്ചാശ്രമം നടന്നത്. ഒരാള്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ പിടവൂര്‍ സ്വദേശിനിയായ യാത്രക്കാരിയുടെ സാരിയില്‍ കാല്‍വച്ച് ചവിട്ടി ശ്രദ്ധ തിരിച്ചു. മറ്റേയാള്‍ ഈ സമയം പഴ്‌സ് തട്ടിപ്പറിച്ച് ഓടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍തന്നെ പരാതിക്കാരിയുടെ മകളും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കോയമ്പത്തൂര്‍ ഒസാംപെട്ടി സ്വദേശികളായ ലക്ഷ്മി, നന്ദിനി എന്നിവരാണ് പിടിയിലായത്. പൊലീസിന് കൈമാറിയ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.