കുവൈറ്റ് ബ്യൂറോ
കുവൈറ്റ്: മാന്യമായ ജീവിതം സ്വപ്‌നം കണ്ട് കുടുംബത്തെയും നാടും ഉപേക്ഷിച്ച് കടൽ കടന്ന പ്രവാസി ന്‌ഴ്‌സുമാരെ കാത്തിരിക്കുന്നത് കൊടിയ ദുരിതം. വിദേശത്ത് ലക്ഷങ്ങൾ ശമ്പളമുള്ള നഴ്‌സിംങ് ജോലിയ്ക്കായി കൊതിച്ച് ജീവനും ജീവിതവും രക്ഷപെടുത്താനായി നാട് വിട്ട നഴ്‌സുമാർക്കാണ് ദുരിതം സമ്മാനിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിയായ പ്രവാസിയാണ് നൂറുകണക്കിന് മലയാളി യുവതികളെ ചതിയിൽപ്പെടുത്തിയത്.
മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും പ്രതീക്ഷിച്ചാണ് യുവതികൾ ഇവിടെ ജോലി ചെയ്തിരുന്നത്. എന്നാൽ, ഇടയ്ക്കു സമരത്തിലേയ്ക്കു തള്ളി വിടപ്പെട്ട യുവതികളെ അടച്ചു പൂട്ടിയിടാനും, മാനസികമായി പീഡിപ്പിക്കാനുമാണ് മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ചൊവ്വാഴ്ച പെൺകുട്ടികൾക്കു നേരിടേണ്ടി വന്ന പീഡനത്തെപ്പറ്റി തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയായിരുന്നു..

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട റാന്നി സ്വദേശിയായ കെ.ടി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള അൽ – ഈസാ (വേർട്ടസ്) എന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനമാണ് നഴ്‌സുമാരായ യുവതികളെ പൂട്ടിയിടാൻ പോലും തയ്യാറായത്. അൽ- ഈസാ കമ്പനിയുടെ പബ്ലിക്ക് അതോറിറ്റി പ്രോജക്ട് വിസയിൽ കുവൈറ്റിൽ എത്തിയ യുവതികളാണ് ദിവസങ്ങളായി മുറിയിൽ പൂട്ടിയിടപ്പെട്ടത്.
ഇവരിൽ ഭൂരിഭാഗവും കഴിഞ്ഞ 12 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ട്. നഴ്‌സിംങ് ജോലി ചെയ്ത ഇവർ പ്രധാനമായും ശാരീരീകവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരെയാണ് പരിചരിച്ചിരുന്നത്. ഇവർക്കാണ് മാനസികമായ പീഡനം ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്. 2014 വരെ ഇവർ 75 ദിനാർ ശമ്പളത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതിന് ശേഷം കമ്പനി സാലറി കൂട്ടി 156 ദിനാർ ആക്കുകയും ചെയ്തു. ബേസിക് സാലറി 105 ഉം, ആഹാരവും താമസവും ഗതാഗതത്തിനും മാസത്തിൽ നാല് ഓഫിനും കൂടി 51 ദിനാറിനുമായിരുന്നു ധാരണ.
പക്ഷേ, മാസത്തിൽ നാല് ഓഫ് എടുത്താൽ ശമ്പളം കട്ട് ചെയ്ത് 140 ദിനാറാണ് ലഭിച്ചിരുന്നതെന്നു നഴ്‌സുമാർ പറയുന്നു. ഇതേ തുടർന്നു ഈ ശമ്പളത്തിൽ ജോലി ചെയ്യാൻ താല്പര്യമില്ലെന്നു കമ്പനിയെ നഴ്‌സുമാർ അറിയിച്ചു. ഇതേ തുടർന്നു, സ്റ്റാഫിനെ എല്ലാവരെയും കമ്പനിയുടെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്ന ഷുവൈയ്ക്കിലേയ്ക്കു വിളിപ്പിക്കുകയായിരുന്നു.
ഇതിനു ശേഷം ഇവിടെ വച്ച് മാനസികമായ പീഡനമാണ് നേരിടേണ്ടി വന്നത്. വിസ പുതുക്കുന്നതിനു വേണ്ടി 200 ദിനാർ ഓരോരുത്തരിൽ നിന്നും ഈടാക്കുകയും ചെയ്തിരുന്നു. ഇതിന് ആവശ്യമായ രേഖകളോ രസീതുകളോ നൽകുകയും ചെയ്തിരുന്നില്ല. ഇതിനു ശേഷവും സാലറിയുടെ കാര്യത്തിൽ 166 ദിനാറാക്കി നിലനിർത്തുകയായിരുന്നു.
കൊവിഡ് സമയത്ത് 12 മണിക്കൂറോളം ജോലി ചെയ്തിട്ടും എട്ടു മണിക്കൂറിന്റെ സാലറി മാത്രമാണ് നൽകിയതെന്നു നഴ്‌സുമാർ പരാതിപ്പെടുന്നു. ഇത് കൂടാതെ കൊവിഡ് സമയത്ത് നഴ്‌സുമാരെയും രോഗികളെയും ഒന്നിച്ചു താമസിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നു പല നഴ്‌സുമാർക്കും കൊവിഡ് പോസിറ്റീവ് ആകുകയും ചെയ്തു. ഇതെല്ലാമാണ് ഒടുവിൽ സമരത്തിൽ എത്തിയത്.
മലയാളികളെ മലയാളികൾ തന്നെ കുടുക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളെ ചതിക്കുന്നതിൽ ഏറെയും മലയാളികൾ തന്നെയാണ് എന്നു വ്യക്തമാകുന്ന വാർത്തകൾ മുൻപും പുറത്തു വന്നിരുന്നത്. ഇത്തരത്തിലുള്ള റിക്രൂട്ട്‌മെന്റിലൂടെ മലയാളികളെ ദുരിതത്തിലാക്കുന്ന മലയാളികൾ അടക്കമുള്ളവർക്കെതിരെ കർശന നടപടികൾ എടുക്കാൻ എംബസികൾ തയ്യാറാകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.