video
play-sharp-fill

അച്ഛന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അടുപ്പം അമ്മയെ അറിയിച്ചു; ആ ബന്ധത്തെപ്പറ്റി അച്ഛനോട് ചോദിക്കുമെന്ന അമ്മയുടെ ഭീഷണിയിൽ ഭയന്നു; അമ്മയെ ഭയപ്പെടുത്താൻ കത്തിയെടുത്തു വീശിയത് കയ്യിൽ ആഴത്തിൽ മുറിവുണ്ടാക്കി; പതിനാറിൽച്ചിറയിൽ അമ്മയെ കൊലപ്പെടുത്തിയ മകന്റെ മൊഴിയിൽ അടിമുടി ദുരൂഹത

അച്ഛന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അടുപ്പം അമ്മയെ അറിയിച്ചു; ആ ബന്ധത്തെപ്പറ്റി അച്ഛനോട് ചോദിക്കുമെന്ന അമ്മയുടെ ഭീഷണിയിൽ ഭയന്നു; അമ്മയെ ഭയപ്പെടുത്താൻ കത്തിയെടുത്തു വീശിയത് കയ്യിൽ ആഴത്തിൽ മുറിവുണ്ടാക്കി; പതിനാറിൽച്ചിറയിൽ അമ്മയെ കൊലപ്പെടുത്തിയ മകന്റെ മൊഴിയിൽ അടിമുടി ദുരൂഹത

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അച്ഛന് ബന്ധുവായ മറ്റൊരു സ്ത്രീയുമായുണ്ടായ ബന്ധം സംബന്ധിച്ച് അമ്മയോട് തുറന്നു പറഞ്ഞതും, ഇതേച്ചൊല്ലിയുണ്ടായ തർക്കവും കൊലപാതകത്തിൽ എത്തിയതായി പൊലീസിനോടു വെളിപ്പെടുത്തി തിരുവാതുക്കലിലെ കൊലക്കേസ് പ്രതി ബിജു. അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയായ ബിജു വിവരങ്ങൾ പൊലീസുമായി പങ്കു വച്ചത്. തിരുവാതുക്കൽ പതിനാറിൽച്ചിറയിൽ കാർത്തിക ഭവനിൽ സുജാതയെ(72) കൊലപ്പെടുത്തിയ കേസിലാണ് മകൻ ബിജുവിനെ (52) കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അമ്മയെ കൊലപ്പെടുത്തുകയും, അച്ഛനെ ആക്രമിക്കുകയും ചെയ്ത ശേഷം ബിജു രണ്ടു തവണ തൂങ്ങിമരിക്കാൻ ബിജു ശ്രമിച്ചെങ്കിലും ഇയാൾ കയർ പൊട്ടി വീഴുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ബിജുവിനെ വാതിൽ തകർത്ത് അകത്തു കയറിയാണ് പൊലീസ് സംഘം രക്ഷിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് തർക്കത്തെ തുടർന്നു തിരുവാതുക്കലിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പ്രതിയെ പിടികൂടി വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിനു പിന്നിലെ കഥകൾ പുറത്തു വന്നത്. ബിജുവിന്റെ അമ്മയുടെ പേരിലാണ് സ്വത്ത് ഉണ്ടായിരുന്നത്. ഈ സ്വത്ത് തന്റെ പേരിലേയ്ക്കു മാറ്റി നൽകണമെന്നാവശ്യപ്പെട്ട് ബിജു അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു. ഇതിനിടെയാണ് അച്ഛനു ബന്ധുവായ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു ബിജു അമ്മയോട് പറയുന്നത്.

അച്ഛൻ വരുമ്പോൾ ഇത് താൻ ചോദിക്കുമെന്ന് അമ്മ ബിജുവിനോട് പറഞ്ഞു. എന്നാൽ, ചോദിക്കരുത് എന്നു അമ്മയെ ബിജു വിലക്കിയെങ്കിലും ഇത് അംഗീകരിക്കാൻ അമ്മ തയ്യാറായില്ല. ഇതേ തുടർന്നു അമ്മയും ബിജുവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു, വീടിനുള്ളിലിരുന്ന കത്തി എടുത്ത് ബിജു അമ്മയ്ക്ക് നേരെ കുത്തുകയായിരുന്നു. കയ്യിൽ കുത്തേറ്റെങ്കിലും അമ്മ തുണി ഉപയോഗിച്ച് മുറിവ് വച്ചുകെട്ടുകയായിരുന്നു. ഈ മുറിവിൽ നിന്നും രക്തം വാർന്ന് ഒഴുകി സുജാത മരിച്ചു.

ഈ സമയത്താണ് പിതാവ് തമ്പി വീട്ടിലേയ്ക്ക് എത്തുന്നത്. വീട്ടിലെത്തിയ തമ്പി സുജാതയുടെ മൃതദേഹം കാണുന്നു. ഇതേപ്പറ്റി മകനോട് ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ ബിജു തമ്പിയെയും ആക്രമിച്ചു. തമ്പിയെ കൊലപ്പെടുത്താൻ ചുറ്റികയുമായി പിന്നാലെ ഓടിയതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഇതിനു പിന്നാലെ നാട്ടുകാർ ഓടിയെത്തിയതോടെ ബിജു മുറിയ്ക്കുള്ളിൽ കയറി കതക് അടച്ചു.

തുടർന്നു, മുറിയ്ക്കുള്ളിലെ ഫാനിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്യാൻ ബിജു ശ്രമിച്ചു. രണ്ടു തവണയും കുരുക്ക് പൊട്ടി ബിജു താഴെ വീണു. ഒടുവിൽ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാതിൽ പൊളിച്ച് അകത്തു കയറിയാണ് ഇയാളെ പിടികൂടിയത്. കയ്യിലേറ്റ മുറിവിൽ നിന്നും രക്തം വാർന്ന് ഒഴുകിയാണ് ബിജുവിന്റെ അമ്മ സുജാത മരിച്ചത്. പ്രതിയെ തിരുവാതുക്കലിലും, ഇല്ലിക്കലും അടക്കമുളള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.