play-sharp-fill
കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കോന്നിയിലെ ഗ്രൂപ്പ്തര്‍ക്കം; ചിറ്റാറിലെ രക്തസാക്ഷി കുടുംബവും കോണ്‍ഗ്രസിനെ കൈവിട്ടു;3000ത്തോളം പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക്

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കോന്നിയിലെ ഗ്രൂപ്പ്തര്‍ക്കം; ചിറ്റാറിലെ രക്തസാക്ഷി കുടുംബവും കോണ്‍ഗ്രസിനെ കൈവിട്ടു;3000ത്തോളം പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക്

സ്വന്തം ലേഖകൻ

കോന്നി : നിയമസഭാതിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ രാഷ്ട്രീയകേരളം ശ്രദ്ധയോടെ വീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോന്നി. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് നിലനിര്‍ത്തിയ മണ്ഡലം ഉപതിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിന് ശേഷം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കോന്നി നീങ്ങുമ്പോള്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗിയത കൂടുതല്‍ ശക്തമാവുകയാണ്.

കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ചിറ്റാറിലെ രക്തസാക്ഷി കുടുംബമായ കുളത്തിങ്കല്‍-പ്ലാത്താനം കുടംബം കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രക്തസാക്ഷി കുടുംബാംഗമായ സജി കുളത്തിങ്കലിന് പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാതെ അടൂര്‍പ്രകാശ്-റോബിന്‍പീറ്റര്‍ പക്ഷക്കാര്‍ അവഗണിച്ചതോടെ ചിറ്റാറിലെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂക്ഷമായി. പിന്നീട് ഇടതുപക്ഷ പിന്തുണയോടെയായിരുന്നു സജി പഞ്ചായത്ത് പ്രസിഡന്റായത്. ഇതോടെ ആയിരത്തോളം വോട്ടുള്ള കുടുംബത്തിന്റെ പിന്തുണയും ഇപ്പോള്‍ ഇടതുപക്ഷത്തിന് ലഭ്യമായി. സജി കുളത്തിങ്കലിന് ഒപ്പം നില്‍ക്കുന്ന മൂവായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അടൂര്‍പ്രകാശ്,റോബിന്‍ പീറ്റര്‍ പക്ഷക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷത്തിന് ഒപ്പം നിലയുറപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുവാപ്പുലത്തും കോണ്‍ഗ്രസിനുള്ളില്‍ വിഭാഗിയത കൂടുതല്‍ ശക്തമായിരിക്കുകയാണ്. അടൂര്‍ പ്രകാശ് വിഭാഗത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഇവിടുത്തെ കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നത്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സുനില്‍ വര്‍ഗീസ് ആന്റണിയും അടൂര്‍പ്രകാശ് പക്ഷക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇടതുപക്ഷത്തേക്ക് ചേക്കേറിയിരുന്നു. കടുത്ത അടൂര്‍ പ്രകാശ് വിരുദ്ധരായ നിരവധി പേര്‍ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനവും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

മലയാലപ്പുഴയിലും ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്. മലയാലപ്പുഴ ഡിവിഷനില്‍ മത്സരിച്ച ഡിസിസി സെക്രട്ടറിയും പ്രവാസി കോണ്‍ഗ്രസ് നേതാവുമായ സാമുവല്‍ കുഴക്കുംപുറത്തിന്റെ പരാജയത്തിന് പിന്നിലും അടൂര്‍പ്രകാശിന്റെയും റോബിന്‍ പീറ്ററുടെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തട്ടിയെടുക്കാനും സാമുവല്‍ കിഴക്കുംപുറത്തെ പരാജയപ്പെടുത്താനും ശ്രമിച്ചത് റോബിന്‍ പീറ്ററായിരുന്നുവെന്ന് സാമുവല്‍ കിഴക്കുംപുറത്തിന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയതും പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഐഎന്‍ടിയുസി സംസ്ഥാന നേതാവ് ജോര്‍ജ്ജ് മോഡിയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം കേരളകോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞ് പോക്ക് രൂക്ഷമാവുകയാണ്. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷമുളള ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇഷ്ടക്കാര്‍ക്ക് വേണ്ടി റോബിന്‍ നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ച് മുന്ന് അംഗങ്ങള്‍ രാജി ഭീഷണി മുഴക്കിയതും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. മലയാലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച മുന്‍ ജില്ലാ പഞ്ചായത്തംഗംവും ഡിസിസി ഭാരവാഹിയുമായ എലിസബത്ത് അബുവിന്റെ പരാജയകാരണവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരായിരുന്നു.

പ്രമാടത്തും കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല. യുഡിഎഫിനെ ഒരുകാലത്തും കൈവിടാത്ത പ്രമാടം പഞ്ചായത്ത് ഭരണം ഇത്തവണ നഷ്ടപ്പെടാന്‍ കാരണവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ റോബിന്‍ പീറ്റര്‍ നടത്തിയ ഇടപെടലായിരുന്നു. ഗ്രൂപ്പ്കാര്‍ക്ക് സീറ്റ് വീതിച്ച് നല്‍കിയതാണ് ഭരണം നഷ്ടപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിശ്വംഭരന്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാനാര്‍ത്ഥികളുടെയും പരാജയത്തിന് കാരണവും അടൂര്‍പ്രകാശിന്റെയും റോബിന്‍ പീറ്ററുടെയും ഏകപക്ഷീയ നിലപാടുകളായിരുന്നു. നിലവില്‍ കോന്നി മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ രണ്ടെണ്ണം മാത്രമാണ് യുഡിഎഫ് ഭരണത്തിലിരിക്കുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കം മൂലമാണ് മൈലപ്ര പഞ്ചായത്തും യുഡിഎഫിനെ കൈവിട്ടത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച മോഹന്‍രാജിന്റെ പരാജയത്തിന് കാരണവും ഗ്രൂപ്പ് തര്‍ക്കമായിരുന്നു. ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നത് റോബിന്‍ പീറ്ററുടെ പേരായിരുന്നുവെങ്കിലും അടൂര്‍പ്രകാശിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് കെപിസിസി നേതൃത്വമാണ് മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്‍എസ്എസ് പിന്തുണയുള്ള മോഹന്‍രാജിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച അടൂര്‍പ്രകാശ് പക്ഷക്കാര്‍ക്കെതിരെ കടുത്ത അമര്‍ഷമാണ് എന്‍എസ്എസിനുള്ളത്. ഓര്‍ത്തഡോക്‌സുകാരായ സാമുവല്‍ കിഴക്കുംപുറം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് തിരിഞ്ഞ് പരാജയപ്പെടുത്തിയതോടെ ഓര്‍ത്തഡോക്‌സ് വിഭാഗവും ഇടഞ്ഞു നില്‍ക്കുകയാണ്. ബഹുഭൂരിപക്ഷം മണ്ഡലം കമ്മിറ്റി നേതൃത്വവും മോഹന്‍രാജ് പക്ഷക്കാരായതിനാല്‍ ഗ്രൂപ്പ് പോര് ഒഴിവാക്കാന്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. അടൂര്‍പ്രകാശിന്റെ ഏകാധിപത്യം അവസാനിപ്പിക്കാനും കോന്നിയില്‍ കോണ്‍ഗ്രസിനെ കെട്ടുറപ്പോടെ നിലനിര്‍ത്താനും വിഎം സുധീരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് എത്തണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.