തേർഡ് ഐ ബ്യൂറോ
മലയാളത്തിന്റെ പ്രിയ നടൻ കൊച്ചിൻ ഹനീഫ ഓർമയായിട്ട് 11 വര്‍ഷങ്ങൾ പിന്നിടുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കാന്‍ സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിന്‍ ഹനീഫക്ക് ചുരുക്കം ചില വർഷങ്ങൾ കൊണ്ടുതന്നെ സാധിച്ചു.
70- ല്‍ ‘അഷ്ടവക്രന്‍’ എന്ന ചിത്രത്തിലൂടെയാണ് കൊച്ചിൻ ഹനീഫ സിനിമാജീവിതം ആരംഭിച്ചത്. തുടക്ക കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു തിളങ്ങിയിരുന്നത്. പിന്നീട് തമിഴില്‍ സംവിധായകനും തിരക്കഥാകൃത്തുമായി. ഒരു ഇടവേള കഴിഞ്ഞ് ഹാസ്യ വേഷങ്ങളിലൂടെ കൊച്ചിന്‍ ഹനീഫ മലയാളത്തിലേയ്ക്ക് തിരികെ വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിരീടത്തിലെ ഹൈദ്രോസ് ആയിരുന്നു അതില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ തന്റെ മാനറിസങ്ങള്‍ കൊണ്ട് ഹാസ്യത്തിനു ഒരു പുതിയമാനം തന്നെ ഹനീഫ സൃഷ്ടിച്ചു.
ലോഹിതദാസിന്റെ തിരക്കഥകളില്‍ കൊച്ചിന്‍ ഹനീഫയ്ക്ക് ഒരു പാട് ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ലഭിച്ചിരുന്നു . ഒരു ഇടവേളയ്ക്കുശേഷം കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ‘വാത്സല്യ’ത്തിന്റെ തിരക്കഥയും ലോഹിതദാസിന്റേതായിരുന്നു. പഞ്ചാബി ഹൗസിലെ ബോട്ടു മുതലാളിയും, മാന്നാര്‍ മത്തായി സ്പീക്കിംഗിലെ എല്‍ദോയും പുലിവാല്‍ കല്യാണത്തിലെ ടാക്സി ഡ്രൈവറും, മീശ മാധവനിലെ പെടലിയും ഒക്കെ കൊച്ചിന്‍ ഹനീഫയുടെ മികച്ച കഥാപാത്രങ്ങളാണ്.
മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി 300-ല്‍ അധികം സിനിമകളില്‍ ഹനീഫ അഭിനയിച്ചു. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ 2001-ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡിനു അദ്ദേഹത്തെ തേടി എത്തി . മഹാനദി, അന്യന്‍, മദിരാശിപ്പട്ടണം, മുതല്‍വന്‍, യന്തിരന്‍, എന്നിങ്ങനെ ഓട്ടേറേ തമിഴ് സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ കൊച്ചിന്‍ ഹനീഫ അറിയപ്പെട്ടിരുന്നത് ‘വി.എം.സി. ഹനീഫ’ എന്നായിരുന്നു.
മലയാളത്തില്‍ ഏഴുചിത്രങ്ങള്‍ സംവിധാനം ചെയ്തു. തമിഴില്‍ ആറും മലയാളത്തിലും തമിഴിലുമായി എട്ടും തിരക്കഥകള്‍ ഹനീഫ എഴുതിയിട്ടുണ്ട്.
2010 ഫെബ്രുവരി 2-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കരള്‍ രോഗത്തെത്തുടര്‍നന്നായിരുന്നു ഹനീഫയുടെ വിയോഗം.
പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയില്‍ മമ്മൂട്ടിയും മോഹന്‍ലാലും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ഹനീഫയുടെ ഓര്‍മ്മ പങ്കുവെച്ചത്.