മിസ്റ്റർ ഇന്ത്യയുടെ പീഢനം; യുവതിയുടെ ചിത്രം പ്രചരിപ്പിച്ച നൂറോളം പേരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം: മിസ്റ്റർ ഇന്ത്യയുടെ പീഡനത്തിനിരയായ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച നൂറോളം പേരെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും. ഇന്നലെ മൂന്നു പേരെ കൂടി വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പരിപ്പ് സ്വദേശികളായ സനീഷ്, സുബിൻ, അനീഷ് എന്നിവരെയാണ് ഇന്നലെ വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. ഫേസ് ബുക്കിൽ നിന്ന് യുവതിയുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. അശ്ലീല ഗ്രൂപ്പുകളിൽ, അപകീർത്തികരമായ കമന്റുകളോടെ ചിത്രം പ്രചരിപ്പിച്ചവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നത്. ഇതൂകൂടാതെയാണ് നൂറോളം പേരെ പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. യുവതിയുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്തവരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.
എന്നാൽ, സംഭവം കേസും വിവാദവുമായതോടെ പലരും മൊബൈൽ ഫോണിൽ നിന്നും ഫോട്ടോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ തിരികെ എടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ പൊലീസിന്റെ കൈവശമുണ്ട്. അതിനാൽതന്നെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്താലും രക്ഷപ്പട്ടുവെന്ന് കരുതേണ്ട. പോലീസ് പുറകേ ഉണ്ട്. മിസ്റ്റർ ഇന്ത്യയുടെ പീഢന വിവരം തേർഡ് ഐ ന്യൂസ് പുറത്തുവിട്ടതോടെയാണ് പുറം ലോകം അറിയുന്നത്.