തെക്കന്‍ ജില്ലകളില്‍ മാത്രമായി 20ല്‍ അധികം ഭാര്യമാര്‍; കാണിക്കവഞ്ചിയില്‍ വീഴുന്ന നാണയത്തിന്റെ ശബ്ദം കേട്ട് തുക ഊഹിക്കും; പേര് മാറ്റി റഫീഖായപ്പോള്‍ ചതിച്ചത് വിരലടയാളം; ആട് ആന്റണിയെ വെല്ലുന്ന സതീഷ് ഒടുവില്‍ പൊലീസ് പിടിയില്‍

തെക്കന്‍ ജില്ലകളില്‍ മാത്രമായി 20ല്‍ അധികം ഭാര്യമാര്‍; കാണിക്കവഞ്ചിയില്‍ വീഴുന്ന നാണയത്തിന്റെ ശബ്ദം കേട്ട് തുക ഊഹിക്കും; പേര് മാറ്റി റഫീഖായപ്പോള്‍ ചതിച്ചത് വിരലടയാളം; ആട് ആന്റണിയെ വെല്ലുന്ന സതീഷ് ഒടുവില്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിരവധി കവര്‍ച്ച കേസുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച തൃശൂര്‍ ചേര്‍പ്പ് പാറക്കോവില്‍ പുളിപ്പറമ്പില്‍ സതീഷ് (39) പൊലീസ് പിടിയില്‍. ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ പേര് മാറ്റിയ സതീഷ് തുടര്‍ന്ന് പിതാവിന്റെ പേരും മതവും മാറ്റി. കൂടാതെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാതിരിക്കാന്‍ രൂപ ഭാവങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും വിരലടയാളവും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണവും സതീഷിനെയും കൂട്ടാളികളെയും കുരുക്കിലാക്കുകയായിരുന്നു.

തൃശൂരില്‍ നിന്ന് പത്തുവര്‍ഷം മുമ്പാണ് സതീഷ് തിരുവനന്തപുരത്തേക്ക് ചേക്കേറിയത്. ചെറിയ മോഷണങ്ങളില്‍ പിടിക്കപ്പെട്ട് പൊലീസിന്റെ നോട്ടപ്പുള്ളിയായതോടെയാണ് തിരുവനന്തപുരത്തെത്തിയത്.
സ്ത്രീകള്‍ക്കൊപ്പം താമസിച്ച് കവര്‍ച്ചകള്‍ നടത്തി അടിച്ചുപൊളിച്ച് ജീവിക്കുന്ന പ്രകൃതക്കാരനാണ് സതീഷ്. തെക്കന്‍ ജില്ലകളില്‍ മാത്രമായി ഇരുപതിലധികം ഭാര്യമാരാണ് സതീഷിനുള്ളത്. റയല്‍എസ്റ്റേറ്റ് ബിസിനസുകാരനാണ് എന്ന പേരില്‍ സ്ത്രീകളുമായി അടുക്കും. മോഷണമുതലുകള്‍ വിറ്റഴിച്ചും കവര്‍ച്ച ചെയ്തും കിട്ടുന്ന പണം ഉപയോഗിച്ചുള്ള ഇയാളുടെ അടിച്ചുപൊളി ജീവിതമാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നത്.
ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ കൂട്ടത്തില്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചവര്‍ വരെയുണ്ട്.

സതീഷിനൊപ്പം താമസിച്ച സ്ത്രീകളില്‍ പലരും അറിഞ്ഞും അറിയാതെയും മോഷണക്കേസുകളില്‍ പ്രതിയായി ജയിലില്‍ പോയിട്ടുണ്ട്. മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ആഭരണങ്ങളും വില്‍ക്കാന്‍ സഹായിച്ചതിനാണ് സ്ത്രീകള്‍ പലരും അഴി എണ്ണിയത്. പിടിക്കപ്പെടുന്നതോടെ ദാമ്പത്യം ഉപേക്ഷിക്കും. അടുത്ത ആളെ തേടി ഇറങ്ങുകയും ചെയ്യും.

പൊലീസിന്റെ നോട്ടപ്പുള്ളിയായതോടെ പേര് മാറ്റാന്‍ തീരുമാനിച്ചു. കൊട്ടാരക്കര സ്വദേശിനിയായ ഒരു മുസ്‌ളീം യുവതിയെ പരിചയപ്പെട്ട് വലയിലാക്കി, വിവാഹം ചെയ്ത് സതീഷ് എന്ന പേരുമാറ്റി റഫീക്കായി. മതവും മാറി. ഭാര്യയുടെ അച്ഛനെ സ്വന്തം അച്ഛനാക്കി കൊട്ടാരക്കരയിലെ വിലാസത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ തരപ്പെടുത്തിയ സതീഷ് ‘റഫീക്കാ’യി പൊലീസിനെ കുറേക്കാലം പറ്റിച്ചു.

കാണിക്ക മോഷണത്തിന് മുന്‍പ് ക്ഷേത്രത്തിലെത്തി വഞ്ചിയില്‍ നാണയം കാണിക്കയായി ഇടും. വഞ്ചിയില്‍ നാണയം വീഴുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ സതീഷിന് വഞ്ചിയില്‍ പണം ഉണ്ടോ ഇല്ലയോ എന്ന് അറിയാം. വഞ്ചിയില്‍ നാണയത്തിന്റെ കിലുക്കമാണ് കേട്ടതെങ്കില്‍ പരിസരമെല്ലാം സസൂക്ഷ്മം പഠിച്ച് അന്ന് രാത്രി തന്നെ കവര്‍ച്ച നടത്തുന്നതാണ് രീതി. ഇതിനിടെ ഒരു മോഷണത്തിന് വിരലടയാളം ശേഖരിച്ച പൊലീസ് സതീഷും റഫീഖും ഒരാളെന്ന് തിരിച്ചറിഞ്ഞതോടെ അകത്തായി.